രാജീവ് ഗാന്ധി അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിനോട് തനിക്ക് പൂർണമായും എതിർപ്പായിരുന്നുവെന്ന് വെളിപ്പെടുത്തി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. ‘ബിലോഗിങ്: എ ജേണി ഓഫ് ലവ്’ എന്ന പേരിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയിലാണ് അവർ ഇക്കാര്യം തുറന്നെഴുതിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആത്മകഥയിലെ സ്വന്തം നിരീക്ഷണങ്ങൾ വലിയൊരു വിവാദത്തിന് വഴിവെച്ചേക്കാമെന്ന് സോണിയാ ഗാന്ധി വെളിപ്പെടുത്തിയത്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984 ൽ ആണ് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയത്.
താൻ അനുഭവിച്ചറിഞ്ഞ സംഭവങ്ങൾ അതുപോലെ രേഖപ്പെടുത്താനുള്ള അവസരമാണ് ഈ പുസ്തകം നൽകിയതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഈ വെളിപ്പെടുത്തലുകളോടെ ചില ആളുകൾക്ക് തന്നോടുള്ള കാഴ്ചപ്പാട് മാറിയേക്കാമെന്നും മറ്റു ചിലരുടെ കാഴ്ചപ്പാട് കൂടുതൽ വഷളായേക്കാമെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു പുസ്തകമെഴുതുമ്പോഴോ പൊതുജീവിതത്തിൽ നിൽക്കുമ്പോഴോ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും വലിയൊരു ബഹളം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇറ്റലിയിലെ കുട്ടിക്കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവിൽ നിലയുറപ്പിച്ച പതിറ്റാണ്ടുകൾ വരെയുള്ള സോണിയാ ഗാന്ധിയുടെ ജീവിതയാത്രയാണ് പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നിർണായക നിമിഷങ്ങളായ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം, കുടുംബത്തെ ബാധിച്ച ദുരന്തങ്ങൾ, 2004-ലെ പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം പ്രധാനമന്ത്രി പദം നിരസിച്ച തീരുമാനം എന്നിവയും പുസ്തകം ചർച്ച ചെയ്യുന്നു. ആത്മകഥ നവംബർ 10-ന് പ്രസിദ്ധീകരിക്കും.
“Opposed Rajiv Gandhi Becoming PM”: Sonia Gandhi Reveals in Upcoming Memoir











