
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റിനായുള്ള കാത്തിരിപ്പ് അവസാന ഘട്ടത്തിൽ. സെപ്റ്റംബർ 5 ന് Energy Sports Complex, Bensenville, Illinois ൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ കായികോത്സവത്തിൻ്റെ കിക്കോഫ് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് തൊടുപുഴ എംഎൽഎയും കേരള ഗവ. ചീഫ് വിപ്പുമായ അപു ജോൺ ജോസഫാണ് കഴിഞ്ഞദിവസം നിർവ്വഹിച്ചത്.

പാലക്കാട് എംപി വികെ. ശ്രീകണ്‌ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ 12 സംസ്‌ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകൾ, 18 വയസ്സിൽ താഴെ ഉള്ളവരുടെ ടീമുകൾ, നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ടീമുകൾ, വനിതാ ടീമുകൾ എന്നിവരുടെ വെവ്വേറെ മത്സരങ്ങളുണ്ടായിരിക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിൻ്റെ ക്യാഷ് അവാർഡുകൾ വിജയികളാകുന്ന ടീമുകൾക്ക് ലഭിക്കും. കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷൻ നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കും. കിങ്സ് എ്റർടെയിൻമെൻ്റ് ആൻഡ് ഗെയിമിങ്ങാണ് ടൂർണമെൻ്റിൻ്റെ പ്രധാന പ്രായോജകർ. 5 ന് രാവിലെ 8 ന് തുടങ്ങുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ മൽസരം വൈകിട്ട് ഏഴോടെ നടക്കും.

ഇല്ലിനോയ്, ബെൻസൻവില്ലിലുള്ള എനർജി സ്പോർട്‌സ് കോംപ്ലക്സ് പതിനായിരത്തോളം കാണികളെ വഹിക്കുകയും നിരവധി വാഹനങ്ങൾക്ക് പാർക്കിംഗിന് സൌകര്യവും ഒരുക്കുന്ന ഇടമാണ്. കളിക്കാർക്കും അവർക്ക് ഒപ്പം വരുന്നവർക്കും ഭക്ഷണം സൌജന്യമായിരിക്കും. മത്സരത്തിനു ശേഷം നടക്കുന്ന ബാൻക്വിറ്റിൽ എല്ലാവർക്കും ഭക്ഷണമുണ്ടായിരിക്കും.
19 വർഷം മുമ്പ് ഷിക്കാഗോയിലാണ് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളി ടൂർണമെന്റ്റിനു തുടക്കമായത്. പിന്നീട് പല തവണ ഷിക്കാഗോ ടൂർണമെന്റിന് ആതിഥ്യമേകി. ഇത്രവർഷങ്ങളായിട്ടും ഈ ടൂർണമെൻ്റ്വളരെ മനോഹരമായി മുന്നോട്ടു പോവുകയാണ്. ഇവിടെ വരുന്ന ടീമുകളെല്ലാം അവരുടെ സ്വന്തം ചെലവിലാണ് വരുന്നതും താമസിക്കുന്നതും എല്ലാം. സ്പോർട്സ്മാൻ സ്‌പിരിറ്റാണ് ഇവരെ എല്ലാവരേയും ഒന്നിപ്പിക്കുന്ന ഘടകമെന്നാണ് ടൂർണമെൻ്റിൻ്റെ തുടക്കക്കാരിൽ ഒരാളും എൻ.കെ. ലൂക്കോസ് ഫൌണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ പീറ്റർ മാത്യു കുളങ്ങര ചൂണ്ടിക്കാട്ടുന്നത്.
Chicago Malayali Association to host N.K. Lucas Memorial Volleyball Tournament on Sept. 5















