
തിരുവനന്തപുരം: മകൻ്റെ ഭാര്യയ്ക്ക് അമ്മമാർ പരമ്പരാഗത പാചകരീതികൾ പകർന്നു നൽകണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രസ്താവന കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചെങ്ങന്നൂർ പമ്പ ഫെസ്റ്റിൻ്റെ വേദിയിലായിരുന്നു മുഖ്യമന്ത്രി വിവാദമായ ഈ പരാമർശം നടത്തിയത്. അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ കൂട്ടുകൾ മകൻ്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലും പറഞ്ഞു കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. എന്നാൽ, അടുക്കളയും പാചകവും സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന പരമ്പരാഗത പിന്തിരിപ്പൻ ചിന്താഗതിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കുട്ടിക്കാലം മുതൽ ലിംഗസമത്വം പഠിപ്പിക്കുന്ന പുതിയ കാലത്ത്, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ സ്ത്രീവിരുദ്ധ സമീപനം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. ആൺകുട്ടികൾക്കും പാചകവും വീട്ടുജോലികളും ഒരുപോലെ ബാധകമാണെന്നിരിക്കെ, മരുമക്കളെ മാത്രം ലക്ഷ്യമിട്ടുള്ള പ്രസ്താവന സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എഴുത്തുകാരി ശാരദക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖർ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തുവന്നതോടെ വിഷയം സജീവ ചർച്ചയായി തുടരുകയാണ്.
Chief Minister’s daughters-in-law remark accused of being gender discriminatory; Huge protest in political and social circles












