
സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തന്റെ എ.ഐ. ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്നും എന്നാൽ ഇതിന് പിന്നിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മോഹൻലാലിനെയും തന്റെ സുഹൃത്തായ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെയും ഞെട്ടിക്കുന്ന രീതിയിലുള്ള ഗംഭീര ഡാൻസാണ് വീഡിയോയിലുള്ളതെന്നും സതീശൻ പറഞ്ഞു. താൻ യഥാർത്ഥത്തിൽ നൃത്തം ചെയ്തതാണെന്ന് കരുതി അഞ്ചുവയസ്സുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് നന്നായെന്ന് പറഞ്ഞ സംഭവം പങ്കുവെച്ച അദ്ദേഹം, കൃത്രിമബുദ്ധി ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിൽ നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
സംസ്ഥാനത്തെ പവർക്കട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെ.എസ്.ഇ.ബി. ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എ.ഐ. വീഡിയോ പുറത്തുവന്നത്. എന്നാൽ നിലവിലുള്ള ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മെറ്റാ ഈ വീഡിയോ ഇന്ത്യയിൽ കാണാൻ കഴിയാത്ത വിധത്തിൽ നീക്കം ചെയ്തു. വിനോദം മാത്രം ലക്ഷ്യമിട്ട് നിർമ്മിച്ച വീഡിയോ പോസിറ്റീവായാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും, ഇന്ത്യയിൽ വീണ്ടും ലഭ്യമാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും ‘Reach you.in’ എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനത്തിലെ അഭിജിത്ത് പ്രതികരിച്ചു. എ.ഐ. വീഡിയോ എന്ന മുന്നറിയിപ്പോടെയാണ് ഇത് പ്രചരിച്ചിരുന്നതെങ്കിലും ഐ.ടി. നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്‌ഫോമുകൾ നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം, വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ സൈബർ വിംഗ് ആയിരിക്കാമെന്ന് ‘എ.ഐ. കവല’ ഉടമ അഭിജിത് കെ.എസ്. ആരോപിച്ചു. മാസ് പെറ്റീഷൻ ലഭിച്ചതിനാലാണ് വീഡിയോ നീക്കിയതെന്നാണ് മെറ്റയിൽ നിന്ന് ലഭിച്ച മറുപടിയെന്നും, മുഖ്യമന്ത്രി വീഡിയോ കണ്ട് ആസ്വദിക്കുന്നതിന് മുൻപ് തന്നെ സൈബർ വിംഗ് പരാതി നൽകിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞതിനാൽ വിഷയത്തിൽ തുടർ പരാതിക്ക് ഉദ്ദേശിക്കുന്നില്ലെന്നും അഭിജിത് വ്യക്തമാക്കി.
AI Dance Video Brought Personal Joy, But Involves Legal Issues: CM VD Satheesan











