ഇറാൻ-യുഎസ് തർക്കം: ചൈന മധ്യസ്ഥത വഹിക്കണമെന്ന് ഇറാൻ; ട്രംപിന്റെ ബീജിംഗ് സന്ദർശനം നിർണ്ണായകം

ബീജിംഗ്: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സംഘർഷം ലഘൂകരിക്കുന്നതിന് ചൈനയ്ക്ക് നിർണ്ണായക മധ്യസ്ഥനാകാൻ കഴിയുമെന്ന് ചൈനയിലെ ഇറാൻ സ്ഥാനപതി റഹ്മാനി ഫസ്‌ലി വ്യക്തമാക്കി. ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഇർന’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ, മധ്യസ്ഥത എന്നത് ഇറാനെതിരെ സമ്മർദ്ദം ചെലുത്താനുള്ള ഒരു ആയുധമായി മാറരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെ സംബന്ധിച്ചിടത്തോളം ചൈന കേവലം ഒരു സാമ്പത്തിക പങ്കാളി മാത്രമല്ലെന്നും, മറിച്ച് പുറത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ സന്തുലിതാവസ്ഥയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ ചൈനീസ് സന്ദർശനത്തിന് പിന്നാലെയും, യുഎസ് പ്രസിഡന്റ് , ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീജിംഗിലേക്ക് തിരിക്കാനിരിക്കെയും ഉള്ള ഫസ്‌ലിയുടെ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.

അമേരിക്കയും ഇസ്രായേലുമായി നടന്ന സമീപകാല സംഘർഷങ്ങൾക്ക് ശേഷം സൈനികമായ പ്രതികരണങ്ങൾക്കപ്പുറം, നയതന്ത്രപരമായ പുനർനിർണ്ണയത്തിനാണ് ഇറാൻ ശ്രമിക്കുന്നത്. മേഖലയിലെ സുരക്ഷ തകരാതെ യുദ്ധം തടയുക എന്ന നിലപാടാണ് ചൈനയ്ക്കുള്ളതെന്നും ഇറാൻ വിശ്വസിക്കുന്നു. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സുരക്ഷാ നടപടികൾ പ്രതിരോധത്തിന് മാത്രമാണെന്നും അത് വ്യാപാരത്തിന് എതിരല്ലെന്നും സ്ഥാനപതി വ്യക്തമാക്കി.അതേസമയം, ട്രംപിന്റെ ചൈനീസ് സന്ദർശനത്തിന് തൊട്ടുമുമ്പായി ഇറാനിൽ നിന്ന് ചൈനയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാൻ സഹായിച്ച 12 വ്യക്തികളെയും സ്ഥാപനങ്ങളെയും അമേരിക്കൻ ട്രഷറി വിഭാഗം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിൽ എങ്ങനെ മുന്നോട്ട് പോകണം എന്ന കാര്യത്തിൽ ബീജിംഗ് യാത്രയ്ക്ക് മുമ്പ് ട്രംപ് അന്തിമ തീരുമാനമെടുക്കാൻ സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന. ചൈനയുമായുള്ള ചർച്ചകൾക്ക് ശേഷമാകും അമേരിക്കയുടെ അടുത്ത നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

More Stories from this section

family-dental
witywide