
ബെയ്ജിംഗ്: ഇറാൻ പതാകയേന്തിയ ചരക്കുകപ്പലിനെ അമേരിക്കൻ സൈന്യം ബലംപ്രയോഗിച്ച് പിടിച്ചെടുത്ത നടപടിയിൽ ചൈന കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ നിലവിലെ സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും വെടിനിർത്തൽ കരാർ പാലിക്കാൻ എല്ലാ കക്ഷികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആവശ്യപ്പെട്ടു. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നുമാണ് ബീജിംഗിന്റെ നിലപാട്.തങ്ങളുടെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ കപ്പലിനെ വെടിവെച്ച് വീഴ്ത്തിയതെന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, ചൈനയിൽ നിന്ന് വരികയായിരുന്ന കപ്പലിനെ തടഞ്ഞ അമേരിക്കൻ നടപടിയെ ‘സായുധ കടൽക്കൊള്ള’ എന്നാണ് ഇറാൻ സൈന്യം വിശേഷിപ്പിച്ചത്. അമേരിക്കയുടെ ഈ പ്രകോപനത്തിന് കടുത്ത രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്ന് ഇറാൻ ആവർത്തിച്ചു.ചൈനയുമായുള്ള വാണിജ്യ ബന്ധത്തിന്‍റെ ഭാഗമായി സഞ്ചരിച്ച കപ്പൽ പിടിച്ചെടുത്തത് നയതന്ത്ര തലത്തിൽ വലിയ ചലനങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നിർണ്ണായകമായ സമുദ്രപാതയിൽ വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം മുറുകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിതരണത്തെയും ദോഷകരമായി ബാധിക്കുമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. വരും മണിക്കൂറുകളിൽ ചൈനയുടെയും ഇരാന്റെയും അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാണ്.















