
ആഗോള ഊർജ്ജ വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുനൽകണമെന്ന് ചൈന ആവശ്യപ്പെട്ടു. സൗദി അറേബ്യയുമായി നടത്തിയ ചർച്ചയിലാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചർച്ചയിൽ അറിയിച്ചു.
മേഖലയിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ചൈന ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് തടസ്സമാകുന്ന വെല്ലുവിളികളെ നേരിടാൻ അയൽരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കുന്നത് ലോകസാമ്പത്തിക ക്രമത്തിന് അത്യാവശ്യമാണെന്നും ചൈനീസ് പ്രതിനിധികൾ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ചൈന ആഹ്വാനം ചെയ്തു. സമാധാന ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണം. മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
China urges reopening of Strait of Hormuz during talks with Saudi Arabia














