
ഡൽഹി: പാകിസ്താന് ചൈന നൽകുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി യു.എസ്–ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോർട്ട്. ഇന്ത്യയെ സമ്മർദത്തിലാക്കാൻ സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷാ മേഖലകളിൽ ചൈന വിവിധ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. 2025-ലെ ഇന്ത്യ–പാക് സംഘർഷം ഈ തന്ത്രത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്, നേരിട്ട് യുദ്ധത്തിൽ ഇടപെടാതെ തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ പാകിസ്താന് കരുത്തുപകരാൻ ചൈനയ്ക്ക് കഴിയുമെന്നും നിരീക്ഷിക്കുന്നു.
ചൈന–പാക് സൈനിക സഹകരണം ഇന്ത്യയുടെ ഇരട്ടയുദ്ധ സാധ്യത സംബന്ധിച്ച ആശങ്കകൾ ശക്തമാക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നാവിക, നിരീക്ഷണ സാന്നിധ്യം വർധിക്കുന്നതും ഇന്ത്യയുടെ പരമ്പരാഗത തന്ത്രപ്രധാന മേധാവിത്വത്തിന് വെല്ലുവിളിയാണ്.
അതേസമയം, യു.എസ് കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Chinese Military Support to Pakistan Heightens India’s Security Concerns, Says US Commission Report














