അവസാന പന്തുവരെ ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്തു, അണ്ടർ 19 ഏഷ്യാകപ്പ് കിരീടത്തിൽ മത്തമിട്ട് യുവ ഇന്ത്യ

മസ്കത്ത്: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. വാലറ്റത്ത് 26 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്ന മോഹിത് ഉൾവയാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സേവാഗും ഇന്ത്യയ്ക്കായി അർധസെഞ്ചറികൾ നേടി.

പാക്കിസ്ഥാൻ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ ലക്ഷ്യയും ആര്യവീറും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണർമാർ 95 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ലക്ഷ്യ 80 റൺസും ആര്യവീർ 58 റൺസും നേടി പുറത്തായി. മധ്യനിരയിൽ 32 പന്തിൽ 47 റൺസെടുത്ത മനാൽ ചൗഹാനും നിർണായക സംഭാവന നൽകി. എന്നാൽ പിന്നീട് വന്ന ബാറ്റർമാർ പെട്ടെന്ന് പുറത്തായത് ഇന്ത്യൻ നിരയ്ക്ക് തിരിച്ചടിയായി.

മനാൽ ചൗഹാനും മോഹിത് ഉൾവയും ചേർന്ന് ഒൻപതാം വിക്കറ്റിൽ നേടിയ 57 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിതിരിവായത്. യൂത്ത് ഏകദിനത്തിൽ ഒൻപതാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. അവസാന ഓവറുകളിൽ പൊരുതിക്കളിച്ച മോഹിത് ഉൾവയും വാലറ്റത്തെ താരങ്ങളും ചേർന്ന് ടീമിനെ വിജയത്തോടടുപ്പിച്ചു. ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ ലോങ് ഓഫിലേക്ക് പന്ത് ബൗണ്ടറി കടത്തി മോഹിത് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് എടുത്തത്. സെഞ്ചറി നേടിയ ഓപ്പണർ ഉസ്മാൻ ഖാൻ (107), അർധസെഞ്ചറി നേടിയ അബ്ദുൽ ഖാദിർ (80), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (63) എന്നിവരാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഉസ്മാനും അബ്ദുൽ ഖാദിറും ചേർന്ന് രണ്ടാം വിക്കറ്റിൽ 135 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അവസാന ഓവറുകളിൽ കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ തിരിച്ചടിച്ചു. അവസാന ആറ് ഓവറുകളിൽ ആറ് വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി കാവ്യ പട്ടേൽ നാല് വിക്കറ്റും ചിഗുരുപാട്ടി വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി. ബോളിങ് നിരയുടെ ഈ കൂട്ടായ പ്രകടനമാണ് പാക്കിസ്ഥാൻ സ്കോർ 350 കടക്കാതെ പിടിച്ചുനിർത്താൻ സഹായിച്ചത്.

India Defeats Pakistan to Win Under-19 Asia Cup Title in Last-Ball Thriller

More Stories from this section

family-dental
witywide