സുകുമാരക്കുറുപ്പ് വിദേശത്തോ? സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്, ഇന്റർപോളിന് കത്ത് നൽകാൻ തീരുമാനം

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് നിർണായക നടപടിയിലേക്ക്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇന്റർപോളിന് കത്ത് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബ്രൂണെയിൽ ജോൺ മേനോൻ എന്ന പേരിൽ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പുതിയ പ്രചരണം. നിലവിൽ ഇന്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി ഇന്റർപോളിന് കത്ത് നൽകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി വ്യക്തമാക്കി. തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്ലോസ് ചെയ്യാൻ തുനിയവെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.

ബ്രൂണെയിലെ മലേഷ്യൻ അതിർത്തിയോട് ചേർന്ന സിംപാങ്ങിൽ ജോൺ മേനോൻ എന്ന വ്യാജ പേരിൽ ഇയാൾ താമസിക്കുന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയുടെയും പ്രാദേശിക മലയാളികളുടെയും സഹായത്തോടെ ഒരു സൈബർ വിദഗ്ധനാണ് ഇയാളുടെ വിവരങ്ങളും 2023-ലെ ചിത്രങ്ങളും ശേഖരിച്ചത്. ബന്ധുക്കളുടെ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി കുറുപ്പ് നാട്ടിലുള്ള ഭാര്യയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, നിലവിൽ അവിടെ നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1984 ജനുവരിയിലാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോയെ കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് നാടുവിടുന്നത്. തുടർന്ന് വേഷമാറി വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ഇയാൾക്ക് കഠിനമായ ഹൃദ്രോഗമുണ്ടായിരുന്നതിനാൽ ദീർഘകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. 42 വർഷത്തിനുശേഷം കേസ് അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് ഒരുങ്ങുമ്പോഴാണ് പുതിയ വിവരങ്ങൾ വരുന്നത്. ഇന്റർപോളിന് കത്ത് നൽകി ഈ പ്രചാരണങ്ങളിൽ വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നീക്കം നടത്തുന്നത്.

Is Sukumara Kurup Abroad? Crime Branch to Write to Interpol to Verify Claims

More Stories from this section

family-dental
witywide