സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന് സംശയം, വെളിപ്പെടുത്തലുമായി സൈബർ വിദഗ്ധൻ; കേരള പൊലീസിന് ‘പിടികിട്ടാത്ത’ തലവേദന തുടരും

കേരള പോലീസിന്റെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്നും കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിലാണ് ഇയാളുള്ളതെന്നും സംശയം. പേരുമാറ്റി ഒറ്റപ്പെട്ടു കഴിയുന്ന ഇയാൾ നാട്ടിലുള്ള ഭാര്യയും മക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇതിന്റെ ചാറ്റ് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുകുമാരക്കുറുപ്പുമായി സാമ്യമുള്ള ആളുടെ ചിത്രങ്ങൾ ഒരു സൈബർ വിദഗ്ധൻ പുറത്തുവിട്ടതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബന്ധുക്കളുടെ ഫോൺ വിവരങ്ങൾ നിരീക്ഷിച്ചാണ് ഇയാൾ നാട്ടിലുള്ളവരുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് സൈബർ വിദഗ്ധൻ കണ്ടെത്തിയത്. മലേഷ്യ-ബ്രൂണെ അതിർത്തിയിലെ സിംപാങ് എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാളെ ബ്രൂണെയിലുള്ള മലയാളികളുടെ സഹായത്തോടെ ഹോട്ടൽ കേന്ദ്രീകരിച്ച് പിന്തുടർന്നാണ് താമസസ്ഥലം കണ്ടെത്തിയതും 2023-ലെ ചിത്രങ്ങൾ എടുത്തതും. കുറുപ്പിന്റെ സാധ്യമായ എ.ഐ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. മുൻപ് മലേഷ്യയിൽ നിന്ന് വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കിയ ഇയാൾ നിലവിൽ ബ്രൂണെയിൽ നിയമവിരുദ്ധമായി താമസിച്ച് നിർമാണ മേഖലയിൽ ബിസിനസ് നടത്തുകയാണെന്നാണ് വിവരം.

എന്നാൽ ഈ വ്യക്തി സുകുമാരക്കുറുപ്പാണെന്ന് സ്ഥിരീകരിക്കാൻ കേന്ദ്ര ഏജൻസികളുടെ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. 1984-ൽ സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോയെ കൊലപ്പെടുത്തി മുങ്ങിയ കുറുപ്പിനായി നാലര പതിറ്റാണ്ടായി തിരച്ചിൽ തുടരുകയാണ്. മുൻപ് മുംബൈ, ഡൽഹി, ബിഹാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വ്യാജ പേരുകളിൽ ഇയാൾ വേഷമാറി കഴിഞ്ഞിരുന്നതായി പോലീസ് രേഖകളിൽ ഉണ്ടായിരുന്നു.

1990-ൽ മുംബൈയിൽ ജോഷി എന്ന പേരിൽ കഴിയവെ ഇയാളെ പരിശോധിച്ച ഡോക്ടർമാർ കുറുപ്പ് കഠിനമായ ഹൃദ്രോഗബാധിതനാണെന്നും ദീർഘകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും വിലയിരുത്തിയിരുന്നു. കൂടാതെ കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ച് കുറുപ്പിനെ കണ്ടതായി രത്നമ്മ എന്ന നഴ്സ് മൊഴി നൽകിയിരുന്നെങ്കിലും പോലീസ് എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിക്കാൻ കേരള പോലീസ് തയ്യാറെടുക്കവെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

Sukumara Kurup Suspected to be Alive in Brunei; Cyber Expert Claims Discovery

More Stories from this section

family-dental
witywide