യുഎസിൽ നാടുകടത്തൽ ഭീതിക്കിടെ ഹെയ്തിയൻ യുവാവ് മരിച്ചു; ആത്മഹത്യയെന്ന് കുടുംബം

സ്പ്രിങ്ഫീൽഡ്: നാടുകടത്തൽ ഭീതിക്കിടെ യുഎസിലെ ഒഹായോയിൽ 20കാരനായ ഹെയ്തിയൻ കുടിയേറ്റക്കാരൻ പിയർ ഡാമസ് ബെൽ മരിച്ചു. സ്പ്രിങ്ഫീൽഡിലെ ഇന്റർസ്റ്റേറ്റ് 70ൽ വാഹനങ്ങൾക്ക് മുന്നിലേക്ക് നടന്നുകയറിയ ബെല്ലിനെ ട്രാക്ടർ-ട്രെയിലർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സ്ഥിരീകരിച്ചു. താൽക്കാലിക സംരക്ഷിത പദവി നഷ്ടപ്പെടുകയും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയനാക്കുകയും ചെയ്തതിനെ തുടർന്നുള്ള മാനസിക സമ്മർദമാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. ബെൽ ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബത്തിന്റെ നിലപാട്.

2024ലാണ് മാതാപിതാക്കളോടൊപ്പം ബെൽ യുഎസിലെത്തിയത്. ഡോക്ടറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മികച്ച വിജയം നേടി ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ബെൽ ജൂനിയർ റിസർവ് ഓഫീസർ ട്രെയിനിങ് കോർപ്സിലും സജീവമായിരുന്നു. ബുദ്ധിമാനും ഉത്തരവാദിത്തമുള്ളയാളുമായിരുന്നു ബെല്ലെന്ന് കുടുംബം പറഞ്ഞു.

അഭയാർഥി അപേക്ഷ പരിഗണനയിലിരിക്കെയാണ് ബെല്ലിന് ഹെയ്തിക്കാർക്കുള്ള താൽക്കാലിക സംരക്ഷിത പദവി നഷ്ടമായത്. തുടർന്ന് ICE ഓഫീസിലേക്ക് വിളിപ്പിക്കുകയും കാലിൽ ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിക്കുകയും ചെയ്തു. ഉപകരണം ധരിക്കേണ്ടിവന്നതിൽ മകൻ കടുത്ത അപമാനം അനുഭവിച്ചിരുന്നതായി പിതാവ് പിയർസ് റോണൽ ബെൽ പറഞ്ഞു. “ഒരു മൃഗത്തോട് പെരുമാറുന്നതുപോലെയാണ് തന്നോട് പെരുമാറുന്നതെന്ന് അവന് തോന്നിയിരുന്നു,” എന്ന് പിതാവ് പറഞ്ഞു.

കാലിലെ നിരീക്ഷണ ഉപകരണം ഫുട്ബോൾ കളിക്കുന്നതിനും തടസ്സമായിരുന്നു. സഹപാഠികളിൽ നിന്ന് പരിഹാസവും നേരിട്ടിരുന്നതായി പിതാവ് പറഞ്ഞു. ഉപകരണം നീക്കം ചെയ്യണമെന്ന് ബെൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. “വിദ്യാഭ്യാസം നേടാനാണ് ഞാൻ ഈ രാജ്യത്ത് എത്തിയത്. കുറ്റകൃത്യം ചെയ്യാനോ ആരെയും ഉപദ്രവിക്കാനോ വേണ്ടിയല്ല. എന്നാൽ ഇപ്പോൾ കാലിൽ ജിപിഎസ് നിരീക്ഷണ ഉപകരണവുമായി, ഒരിക്കലും അനുഭവിക്കുമെന്ന് കരുതാത്ത നാണക്കേടും അപമാനവും പേറി യുഎസ് തെരുവുകളിലൂടെ നടക്കുകയാണ്,” എന്ന് ബെൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

സംഭവദിവസം രാവിലെ ബെൽ പിതാവിനെ വിളിച്ച് “എനിക്ക് സുഖമില്ല” എന്ന് പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. സംസാരിക്കാനായി വീട്ടിലേക്ക് വരാൻ ഞാൻ അവനോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ബെൽ ഇന്റർസ്റ്റേറ്റ് 70ന്റെ പടിഞ്ഞാറോട്ടുള്ള പാതയുടെ അരികിൽ കാർ നിർത്തി പുറത്തിറങ്ങി റോഡിലേക്ക് നടക്കുകയായിരുന്നു. എതിരെ വന്ന ട്രാക്ടർ-ട്രെയിലർ ഇടിച്ചതിനെ തുടർന്ന് മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് പടിഞ്ഞാറോട്ടുള്ള പാതകൾ ഏകദേശം മൂന്ന് മണിക്കൂർ അടച്ചിട്ടു.

അടുത്തിടെ താൽക്കാലിക സംരക്ഷിത പദവി നഷ്ടപ്പെട്ട ഏകദേശം 3.5 ലക്ഷം ഹെയ്തിയൻ കുടിയേറ്റക്കാരിൽ ഒരാളായിരുന്നു ബെൽ. ബെല്ലിന്റെ മരണം സ്പ്രിങ്ഫീൽഡിലെ ഹെയ്തിയൻ സമൂഹത്തിനിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഹെയ്തിക്കാർക്കുള്ള സംരക്ഷിത പദവി റദ്ദാക്കിയതിന് പിന്നാലെ ICE നടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ, തടങ്കലിലാകുമെന്നതും നാടുകടത്തപ്പെടുമെന്നതുമുള്ള ഭീതിയിൽ നിരവധി പേർ കടുത്ത സമ്മർദം നേരിടുന്നതായി സമൂഹ നേതാക്കൾ പറഞ്ഞു.

Haitian man dies amidst fear of deportation in the US; family claims suicide.

More Stories from this section

family-dental
witywide