പരീക്ഷ ഭേദഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ചക്ക് സമ്മതമറിയിച്ച് പ്രതിപക്ഷം, സ്പീക്കറുടെ അനുനയ നീക്കം വിജയിച്ചു; ‘അമിത് ഷാ മറുപടി പറഞ്ഞേപറ്റു’

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തടസ്സപ്പെട്ട പൊതുപരീക്ഷ ഭേദഗതി ബില്ലിൽ നാളെ ലോക്സഭയില്‍ ചർച്ച നടക്കും. വിദ്യാർഥികള്‍ക്ക് നേരെ ദില്ലിയിലും പാറ്റ്നയിലും നടന്ന പൊലീസ് നടപടികളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ച ശേഷം സ്പീക്കർ ഓം ബിർള നടത്തിയ സമവായ നീക്കം ഫലം കണ്ടതോടെയാണ് നാളെ ബില്ലിൽ ചർച്ച നടത്താൻ തീരുമാനമായത്.

കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് സഭയിൽ അവതരിപ്പിച്ച ബില്ലിൽ പരീക്ഷ ക്രമക്കേടുകൾക്ക് പരമാവധി പത്ത് വർഷം വരെ തടവും പത്ത് കോടി രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ദില്ലിയിൽ സി ജെ പി പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗിച്ചതും പാറ്റ്നയിൽ എ കെ 47 തോക്ക് ഉപയോഗിച്ചതും ഉയർത്തിക്കാട്ടി പ്രതിപക്ഷം വൻ പ്രതിഷേധമുയർത്തി. വിദ്യാർത്ഥികളുടെ ഭാവിയെ കരുതി കൊണ്ടുവരുന്ന നിയമനിർമ്മാണം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചതോടെ സഭയിൽ ബഹളം രൂക്ഷമായി.

തുടർന്ന് സ്പീക്കർ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പ്രതിപക്ഷം ബില്ലുമായി സഹകരിക്കാൻ തയാറായത്. വിദ്യാർത്ഥികളുടെ താൽപ്പര്യം മുൻനിർത്തി ബില്ലിനെ പിന്തുണയ്ക്കുമെങ്കിലും, ആഭ്യന്തര മന്ത്രിക്കെതിരായ പ്രതിഷേധവും വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിച്ചതിലെ പ്രതിഷേധവും സഭയ്ക്ക് അകത്തും പുറത്തും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നാളെ ആറ് മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് ശേഷം ബിൽ പാസാക്കാനാണ് നീക്കം.

Lok Sabha to Discuss Examination Amendment Bill Tomorrow After Speaker’s Successful Intervention

More Stories from this section

family-dental
witywide