അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് സി.ജെ.പി, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ആരോപണം; നിഷേധിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: നിരാഹാര സമരം അവസാനിപ്പിച്ച് പ്രതിഷേധക്കാർക്കൊപ്പം ചേരാനിരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) അധ്യക്ഷൻ അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. സി.ജെ.പി വക്താവ് സൗരവ് ദാസാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ദീപ്കെയെ പോലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പാർട്ടി ആരോപിച്ചു. എന്നാൽ, അഭിജിത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

പാർലമെന്റ് വർഷക്കാല സമ്മേളനം തുടങ്ങിയ തിങ്കളാഴ്ച രാവിലെ ജന്തർമന്തറിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ സി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. ഈ മാർച്ച് ജന്തർമന്തറിൽ വെച്ചുതന്നെ പോലീസ് തടയുകയും പ്രതിഷേധക്കാർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള സംഘർഷാവസ്‌ഥ ഉണ്ടാകുകയും ചെയ്തു. ഇതിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ സി.ജെ.പി ആഹ്വാനത്തെത്തുടർന്ന് യുവാക്കൾ പാർലമെന്റിന് സമീപം തടിച്ചുകൂടുകയും റെയിൽ ഭവന് സമീപമെത്തിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

സി.ജെ.പിയുടെ സമരം പാർലമെന്റിന് തൊട്ടടുത്തെത്തിയതോടെ സുരക്ഷ മുൻനിർത്തി പാർലമെന്റിന്റെ മുഴുവൻ ഗേറ്റുകളുമടച്ച് അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം തടഞ്ഞു. സമീപകാലത്ത് ഇതാദ്യമായാണ് ഒരു സമരം പാർലമെന്റിന് ഇത്രയും സമീപമെത്തുന്നത്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയ പ്രമുഖരെല്ലാം പാർലമെന്റിലുള്ള സമയത്താണ് നാടകീയമായ ഈ പ്രതിഷേധങ്ങൾ അരങ്ങേറിയത്.

CJP Claims Abhijit Dipke Detained by Police; Delhi Police Deny Rumors

Also Read

More Stories from this section

family-dental
witywide