കേന്ദ്രത്തിന് ഏഴു ദിവസത്തെ സമയം പ്രഖ്യാപിച്ച് സിജെപി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനം ഡൽഹി ജന്തർ മന്ദിറിൽ നടന്നു. പ്രക്ഷോഭത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന് ഏഴു ദിവസത്തെ സമയപരിധിയാണ് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ധർമേന്ദ്ര പ്രധാൻ രാജി വെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നടപടിയുണ്ടാകാത്ത പക്ഷം സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.

തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ബിഹാർ, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് ജന്തർ മന്ദിറിലെ സമാധാനപരമായ പ്രതിഷേധത്തിൽ അണിനിരന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരത്തെ എട്ട് ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനങ്ങൾ സമർപ്പിച്ചിട്ടും സർക്കാർ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ കടുത്ത അമർഷം തെരുവിലേക്ക് പടർന്നത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ശരിയായ രീതിയിൽ പുനഃക്രമീകരിക്കണമെങ്കിൽ വിദ്യാഭ്യാസ മന്ത്രിയെ മാറ്റിക്കൊണ്ടുള്ള നടപടിയാണ് ആദ്യം ഉണ്ടാകേണ്ടതെന്ന് സിജെപി വ്യക്തമാക്കി.

പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഇന്നത്തെ പ്രതിഷേധത്തിൽ ഉണ്ടായതെന്നും സമാധാനപരമായി സഹകരിച്ച ഡൽഹി പോലീസിനും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും എത്തിയവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ പറഞ്ഞു. ജനാധിപത്യപരവും സമാധാനപരവുമായ രീതിയിലായിരിക്കും തങ്ങളുടെ ഭാവി പ്രക്ഷോഭങ്ങളും മുന്നോട്ടുപോവുക. യുവാക്കൾക്കും വിദ്യാഭ്യാസത്തിനും ഭരണഘടനയ്ക്കും അനുകൂലമായി രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദം ഉയർത്തിപ്പിടിക്കുന്ന ഒരു വലിയ മുന്നേറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

CJP threatens nationwide protest if Union Minister Dharmendra Pradhan does not resign within a week

More Stories from this section

family-dental
witywide