
സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മഴക്കെടുതി ധനസഹായ തുക വർദ്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പല ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്. ജലം ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. ആശങ്ക പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നു. രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നു. പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ പത്തനംതിട്ടയിലേക്ക് എത്തുകയാണെന്നും എന്‍ഡിആർഎഫ് സംഘങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണപ്പൊതികളും എല്ലാം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മഴക്കെടുതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 15 മരണങ്ങള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേരെ കാണാതായി. 316 ക്യാമ്പുകളിലായി 11018 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് ആറ് ലക്ഷം രൂപ നല്‍കുമെന്നും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ തുകകള്‍ വര്‍ധിപ്പിച്ചു. കൃഷിനാശമുണ്ടായവര്‍ക്ക് നല്‍കുന്ന തുകയും വര്‍ധിപ്പിക്കാന്‍ ആലോചിക്കുകയാണ്. കാർഷിക മേഖലയിലെ നാശനഷ്‌ടങ്ങൾക്കും ഉപജീവനമാർഗ്ഗം നഷ്‌ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങൾ നൽകും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു കാർഡിലെ രണ്ടുപേർ വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം നൽകാൻ നിർദ്ദേശമുണ്ട്. നിലവിൽ രണ്ടര ഏക്കർ നെൽകൃഷി നശിച്ചാൽ ലഭിക്കുന്ന 13,500 രൂപ എന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇത് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ കൃത്യമായ മുന്നൊരുക്കുങ്ങള്‍ നടത്തിയിരുന്നു. പ്രീ മണ്‍സൂണ്‍ യോഗങ്ങളും മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. അതിതീവ്ര മഴ എവിടെയെന്ന് കൃത്യമായി പ്രവചിക്കാനാകാത്തത് ഒരു പരിമിതിയാണ്. പലയിടത്തും 350 മില്ലി ലിറ്റര്‍ വരെ മഴ പെയ്തുവെന്നും ജൂലൈ 30ന് കളക്ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Claims that water is being released from the dam are false; water levels in all major dams are very low, says V.D. Satheesan; financial aid for rain-related damages has been increased.










