
ഹരിയാന: റോഹ്തക്കിലെ മിലാൻ ധാബയിലുണ്ടായ വെടിവയ്പ്പിൽ നാല് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഗുണ്ടാതലവൻ സണ്ണി റിതോലിയുടെ കാമുകിയായി അഭിനയിച്ച് ഇയാളുടെ നീക്കങ്ങൾ എതിർസംഘത്തിന് ചോർത്തിനൽകിയ യുവതിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സണ്ണിയുടെ എതിരാളിയായ ഭാവു റിതോലി സംഘത്തിനുവേണ്ടിയാണ് ജാൻവി ചാരപ്രവർത്തനം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നവംബർ 26ന് അർധരാത്രിയായിരുന്നു റോഹ്തക്കിലെ മിലാൻ ധാബയിൽ വെടിവയ്പ്പുണ്ടായത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ റിങ്കു, വിനീത്, ഹർഷ് എന്ന ഗഞ്ചു, ഹിമാൻഷു എന്നിവർ കൊല്ലപ്പെട്ടു. സണ്ണി റിതോലിയുടെയും ഭാവു റിതോലിയുടെയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
സണ്ണിയുടെ വിശ്വാസം നേടിയെടുത്ത് ഇയാളുടെ നീക്കങ്ങളും ഒളിത്താവളങ്ങളും നിരീക്ഷിക്കുകയായിരുന്നു ജാൻവിയുടെ ദൗത്യമെന്നാണ് പൊലീസിന്റെ സംശയം. സണ്ണിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് ജാൻവി എതിർസംഘത്തിന് കൈമാറി. ആക്രമണം നടന്ന ധാബയിലേക്ക് അക്രമികൾ എത്തിയത് യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. വെടിവയ്പ്പിനിടെ സണ്ണി ധാബയുടെ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ ജാൻവി രാജ്യം വിട്ടതും അന്വേഷണത്തിൽ നിർണായകമായി. സണ്ണിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയാൽ രാജ്യം വിടാൻ സഹായിക്കാമെന്ന് എതിർസംഘവുമായി യുവതി നേരത്തെ ധാരണയിലെത്തിയിരുന്നതായാണ് വിവരം. കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം രാവിലെ തന്നെ ജാൻവി ബാങ്കോക്കിലേക്ക് വിമാനം കയറി. അവിടെനിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാമെന്ന സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. സ്വിഫ്റ്റ് കാറിലെത്തിയ അക്രമികൾ ധാബയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച നാലാമനെ പിന്തുടർന്നെത്തി വെടിവച്ചുകൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.













