ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ചലോ ദില്ലി’ മഹാറാലി ആരംഭിച്ചു. ഇന്ത്യ സഖ്യ നേതാക്കളെല്ലാവരും തുറന്ന വാഹനത്തിൽ ഒന്നിച്ചാണ് രാംലീല മൈതാനത്തേക്ക് മാർച്ച് ആരംഭിച്ചത്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് കൊണാട്ട് പ്ലേസിലേക്കും അവിടെനിന്ന് രാംലീല മൈതാനത്തേക്കുമാണ് മാർച്ച്.
‘ചലോ ദില്ലി’ മഹാറാലി രാഹുൽ ഗാന്ധിയാണ് നയിക്കുന്നത്. പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി, തേജസ്വി യാദവ്, ഡി. രാജ, എം.എ. ബേബി, ഫറൂഖ് അബ്ദുള്ള അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രാഹുലിനൊപ്പം റാലിയിൽ പങ്കെടുക്കുന്നുണ്ട്. രാം ലീല മൈതാനത്ത് വെച്ചാണ് പൊതുസമ്മേളനം. റാലിയിൽ 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷം പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഐക്യമാണ് ഇന്ത്യ സഖ്യത്തിനകത്ത് നിലവിൽ രൂപംകൊണ്ടിരിക്കുന്നത്.
അതേസമയം, ഡൽഹിയിൽ വൻ സുരക്ഷാക്രമീകരണങ്ങളാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 10,000 പോലീസുകാരെയും അർദ്ധസൈനികരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. രാംലീല മൈതാനത്തിനു ചുറ്റിലും, മിന്റോ ബ്രിഡ്ജിൽനിന്ന് റാലി വേദിയിലേക്കുള്ള വഴിയിലുമായി നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊണാട്ട് പ്ലേസ്, ജന്തർ മന്തർ, ഭഗവാൻദാസ് റോഡ്, സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസ് എന്നിവയ്ക്ക് സമീപങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാരിക്കേഡുകളും മറ്റും വെച്ച് പ്രദേശം അടച്ചിട്ടുണ്ട്. പ്രദേശത്ത് 250-ഓളം സിസിടിവികളാണ് മാത്രം ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Gyanesh Kumar’s resignation; Ramlila Maidan packed to capacity as the INDIA alliance’s ‘Chalo Delhi’ mega-rally begins.










