നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ചുള്ള എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ പോലീസ് റിപ്പോർട്ടിനെതിരെ ഗുരുതര നിരീക്ഷണങ്ങൾ. കേസെടുക്കാൻ കഴിയില്ലെന്ന കടവന്ത്ര പോലീസിന്റെ റിപ്പോർട്ട് തള്ളിയാണ് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ജിഹാദി ഉൾപ്പെടെയുള്ള പരാമർശങ്ങൾ ടിനി ടോം തമാശയായി നടത്തിയതാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ട് അപൂർണമാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നിഗമനത്തിൽ എത്താൻ സാധിക്കൂവെന്നും കോടതി നിരീക്ഷിച്ചു.
നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് മുൻ അംഗവുമായ നീന കുറുപ്പിന്റെ മൊഴിയാണ് കോടതി നടപടികളിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച് ടിനി ടോം അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. നടി ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായി നീനയുടെ മൊഴിയിലുണ്ട്. അൻസിബയ്‌ക്കെതിരെ ടിനി ടോം ‘ഡബിൾ ഡാഡി സിൻഡ്രോം’, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ‘ജിഹാദി’ എന്നീ വാക്കുകൾ ഉപയോഗിച്ചതായി പോലീസ് റിപ്പോർട്ടിൽ തന്നെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ടിനി ടോമിന് ക്രിമിനൽ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ജിഹാദി ഉൾപ്പെടെയുള്ള വാക്കുകൾ തമാശയായി ഉപയോഗിച്ചതാണെന്നുമായിരുന്നു പോലീസിന്റെ വാദം. ഈ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാൻ തെളിവുകളില്ലെന്നും കാണിച്ച് കടവന്ത്ര പോലീസ് എസിപിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ ഹർജിക്കാരിയുടെ വാദങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ടിനി കുറ്റം ചെയ്തിട്ടുണ്ടെന്നും കോടതി വിലയിരുത്തി.
സംഭവം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്ന പോലീസിന്റെ വാദത്തെയും കോടതി വിമർശിച്ചു. പരിധിയിലല്ലെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും.
Court Rejects Police Report Terming ‘Jihadi’ Remark a Joke, Orders Case Against Tini Tom














