താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് മഹാനടൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്കും ഒരു ജനപ്രതിനിധിക്കുമെതിരെ ഗുരുതരമായ അധിക്ഷേപ ആരോപണങ്ങളുമായി നടി അൻസിബ ഹസ്സൻ രംഗത്ത്. തന്നെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്താൻ ഒരു ജനപ്രതിനിധി കൂട്ടുനിന്നുവെന്നും, തന്നെ ആദ്യം ‘മേത്തച്ചി’യാക്കാനും പിന്നീട് ‘ജിഹാദി’യാക്കാനും ഇവർ ശ്രമിച്ചുവെന്നും അൻസിബ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു. മഹാനടൻ മുതൽ കൂടെയുള്ള സഹപ്രവർത്തകർ വരെ തന്നെ തേജോവധം ചെയ്തതായും ലക്ഷങ്ങൾ ഒഴുക്കി പി.ആർ ഏജൻസികളെ ഉപയോഗിച്ച് തനിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് മെനയുന്നതെന്നും നടി കൂട്ടിച്ചേർത്തു.
അൻസിബയുടെ കുറിപ്പ്
‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന്‍ കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’.
ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല.
ലക്ഷങ്ങള്‍ ഒഴുക്കി പിആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.’
Actress Ansiba Hassan Levels Serious Allegations Against Co-Stars and Politician Amid AMMA Controversy











