‘അമ്മ’യിൽ കാര്യങ്ങൾ കൈവിടുന്നോ? ഓഡിയോ ചോർച്ചയിൽ കുക്കു പരമേശ്വരനെതിരെ ശ്വേത മേനോൻ, അൻസിബയുടെ പരാതി പരിശോധിക്കാൻ പ്രത്യേക സമിതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസന്റെ പരാതി പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സംഘടനാ പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അൻസിബ ഹസൻ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മി എന്നിവർ സംഘടനയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും പരാതികൾ പരിശോധിക്കാൻ പ്രത്യേക പാനൽ രൂപീകരിക്കുമെന്നും ശ്വേത പറഞ്ഞു. സമിതിയിലെ അംഗങ്ങളുടെ വിവരങ്ങൾ ഇമെയിൽ മുഖേന പരാതിക്കാരെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് മുന്നിൽ നേരത്തെ പ്രഖ്യാപിച്ചതുപോലെ സമിതി ഏകപക്ഷീയമാകില്ലെന്നും ‘അമ്മ’ അംഗങ്ങളും പുറത്തുനിന്നുള്ളവരും ഉൾപ്പെടുന്ന അഞ്ചംഗ സമിതിയായിരിക്കും പരാതികൾ കേൾക്കുകയെന്നും ശ്വേത പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും സമിതി തീരുമാനമെടുക്കുക. അതേസമയം, ‘അമ്മ’ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങൾ ചോർന്ന സംഭവത്തിലും ശ്വേത ഗുരുതര ആരോപണം ഉന്നയിച്ചു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ വഴിയാണ് ഓഡിയോ പുറത്തുപോയതെന്നും, തന്റെ കൈയിൽ നിന്നാണ് ശബ്ദസന്ദേശം ചോർന്നതെന്ന് അവ‌ർ സമ്മതിച്ചിട്ടുണ്ടെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ച അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ശ്വേത വ്യക്തമാക്കി. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അവർ പറഞ്ഞു. പരാതിയുമായി മുന്നോട്ടുവന്നവരിൽ ടിനി ടോം മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിച്ചതെന്നും, മറ്റ് പരാതിക്കാർ ആരും ഇതുവരെ സമിതിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും ശ്വേത പറഞ്ഞു. വാർത്തകൾ ഏകപക്ഷീയമായി അവതരിപ്പിക്കപ്പെടരുതെന്നും 502 അംഗങ്ങളുള്ള ചെറിയ സംഘടനയായ ‘അമ്മ’യുടെ നിലവിലെ ഭരണസമിതി നിരവധി നല്ല പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide