
കൊച്ചി: നടൻ ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. പരാതിയുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകിയ ശേഷമാണ് അൻസിബ ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
തന്റെ പരാതി നിലവിൽ അപകീർത്തിപ്പെടുത്തലിന്റെ പരിധിയിലാണ് വരുന്നതെന്നാണ് പൊലീസ് അറിയിച്ചതെന്ന് അൻസിബ പറഞ്ഞു. ടിനി ടോം രാഷ്ട്രീയമായി സ്വാധീനമുള്ള വ്യക്തിയാണെങ്കിലും സർക്കാരിലും നിയമ സംവിധാനത്തിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ടിനി ടോം തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ചതിന് വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അൻസിബ അവകാശപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആ സന്ദേശങ്ങൾ പ്രചരിപ്പിച്ചതെന്നും അവർ പറഞ്ഞു.
‘അമ്മ’ സംഘടനയുടെ ഫെബ്രുവരി 14-ന് നടന്ന കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ സംഘടനയ്ക്കുള്ളിൽ വലിയ വിവാദമായി മാറിയിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു പരിപാടിയുടെ സ്പോൺസർ. ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടിക്ക് സ്പോൺസറാകുന്നതിനെതിരെ അൻസിബ ഹസൻ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കുടുംബ സംഗമത്തിന് പിന്നാലെ അൻസിബ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വ്യക്തിപരവും തൊഴിൽപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് സംഘടനാ പ്രസിഡന്റ് ശ്വേത മേനോൻ ആദ്യം വിശദീകരിച്ചത്. എന്നാൽ പിന്നീട് തന്റെ രാജിക്ക് പ്രധാന കാരണം ടിനി ടോം ആണെന്ന് അൻസിബ വെളിപ്പെടുത്തി. താൻ ആരുമായി സംസാരിച്ചാലും അവരെ ചേർത്ത് മോശം കഥകൾ പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചിരുന്നുവെന്നും, താൻ ആളുകളെ മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയെന്നും അൻസിബ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ്.ഐ. രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേകം പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, ടിനി ടോം തന്നോട് മാത്രമല്ല, ഒരു സമൂഹത്തോടാകെ ദ്രോഹമാണ് ചെയ്തതെന്ന് അൻസിബ നേരത്തെയും ആരോപിച്ചിരുന്നു. വ്യക്തിപരമായ വിരോധം തീർക്കുന്നതിനായി തന്റെ മതപരമായ വ്യക്തിത്വം ഉപയോഗിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നൽകാൻ ശ്രമിച്ചുവെന്നാണ് അവരുടെ ആരോപണം. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചെയ്ത തെറ്റിന് ടിനി ടോം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അൻസിബ ആവർത്തിച്ചു.














