
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ ജയിലിൽ നിന്നും രഹസ്യമായി തിരുവനന്തപുരത്ത് എത്തിച്ചു. സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പൊലീസിന്റെ ഈ നീക്കം. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ താമസിപ്പിച്ചിരിക്കുന്ന സുഗതനെ നാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. തുടർന്ന് കേസ് അന്വേഷണത്തിനായി ഇയാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനുശേഷമായിരിക്കും സുഗതനെ വിയ്യൂരിലേക്ക് തിരികെ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അതേസമയം, കാപ്പ കേസിൽ ജയിലിലായ സുഗതൻ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഇയാളെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഇതേച്ചൊല്ലി യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ വൻ കയ്യാങ്കളിയും സംഘർഷവുമുണ്ടായി. പ്രതിഷേധങ്ങൾക്കിടെ അജണ്ടകൾ അതിവേഗം പാസാക്കി മേയർ കസേര വിട്ടതിന് പിന്നാലെയാണ് കൗൺസിൽ ഹാൾ തല്ലുമേടായി മാറിയത്. എൽഡിഎഫ് അംഗങ്ങൾ ഹാൾ വിട്ടെങ്കിലും ബിജെപി, യുഡിഎഫ് കൗൺസിലർമാർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു.
ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷം കയ്യാങ്കളിയിലേക്ക് എത്തിച്ചത്. യുഡിഎഫ് അംഗമായ കെ എസ് ശബരിനാഥൻ കൈവശം വെച്ചിരുന്ന ഹാജർ ബുക്ക്, ബിജെപിയുടെ ചെമ്പഴന്തി ഉദയൻ പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ അടിപിടിയുണ്ടായി. ശബരിനാഥനെ ഉദയൻ മർദ്ദിച്ചെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നും യുഡിഎഫ് ആരോപിക്കുമ്പോൾ, ശബരിനാഥൻ ഉദയന്റെ ഷർട്ട് കീറിയെന്നാണ് ബിജെപിയുടെ ആക്ഷേപം. എന്നാൽ രജിസ്റ്ററിൽ വെള്ളമൊഴിക്കാൻ യുഡിഎഫ് ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മേയർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും പ്രതിഷേധം തുടരുന്നതിനിടയിലാണ് കൗൺസിലിലെ ഈ നാടകീയ രംഗങ്ങൾ.
BJP Councilor R Sugathan Brought to Thiruvananthapuram Amid Intense Council Clashes Over His Resignation














