
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും പൊളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വിശദീകരിക്കവേ ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ പിബിക്ക് എതിർപ്പില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് ഓരോ മണ്ഡലങ്ങളിലും വിശദമായ പരിശോധന നടത്തുമെന്നും ഇതിനുശേഷം ആവശ്യമായ തെറ്റുതിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ബേബി അറിയിച്ചു. ഒരാൾ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രീതി പാർട്ടിക്കില്ല. അണികളെയും അനുഭാവികളെയും നേരിൽ കേട്ട് പരാജയകാരണങ്ങൾ വിലയിരുത്തും. നേതൃമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന്, പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ അക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മികച്ച ഭരണം കാഴ്ചവെച്ചിട്ടും കേരളത്തിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗൗരവകരവുമാണ്. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം നടത്തിയ നീക്കങ്ങളും ബിജെപി മൂന്ന് സീറ്റുകൾ നേടിയതും നിസ്സാരമായി കാണാനാവില്ലെന്ന് പാർട്ടി വിലയിരുത്തുന്നു. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാത്തത് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിനാലാണെന്നും നേതാക്കൾ വിമതരായി മത്സരിച്ച മണ്ഡലങ്ങളിൽ പ്രത്യേകം പരിശോധനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ ബിജെപി വിജയത്തെയും എം.എ. ബേബി രൂക്ഷമായി വിമർശിച്ചു. കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ബിജെപി അവിടെ നേട്ടമുണ്ടാക്കിയത്. ബംഗാളിൽ നടന്നത് അട്ടിമറിയാണെന്നും ഇതിനെ ‘സ്പെഷ്യൽ ഇൻ്റെൻസീവ് റിമൂവൽ’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ബിജെപി വിജയം ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി.
CPIM PB stands by Pinarayi Vijayan; MA Baby says election defeat is collective responsibility and calls for thorough probe into Kerala setback











