ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി, ബിജെപി എതിർപ്പ് തള്ളി എഫ്സിആർഎ നിയമഭേദഗതിക്കെതിരായ പ്രമേയം സഭ പാസ്സാക്കി; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ വിമർശനം

കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിച്ചു. രാജ്യത്തെ സന്നദ്ധ സംഘടനകളെയും എൻജിഒകളെയും പൂർണ്ണമായി നിയന്ത്രിക്കാനും അവയുടെ പ്രവർത്തനം തടസ്സപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ ഈ നിയമഭേദഗതിയിലൂടെ ശ്രമിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാനുമുള്ള ആസൂത്രിത നീക്കമാണെന്നും കേന്ദ്ര സർക്കാർ ഈ ഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണപക്ഷമായ യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ പ്രതിപക്ഷമായ എൽഡിഎഫ് പൂർണ്ണമനസ്സോടെ പിന്തുണച്ചു. എന്നാൽ സഭയിലുണ്ടായിരുന്ന രണ്ട് ബിജെപി അംഗങ്ങൾ പ്രമേയത്തെ ശക്തമായി എതിർത്തു. പ്രമേയത്തിൽ ചില ഭേദഗതികൾ നിർദേശിച്ചുകൊണ്ട് ബിജെപി അംഗം വി. മുരളീധരൻ സഭയിൽ രംഗത്തെത്തിയിരുന്നു. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാന നിയമസഭകൾക്ക് അവകാശമില്ലെന്നും, ഈ പ്രമേയം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു വി. മുരളീധരന്റെ വാദം.

എന്നാൽ ബിജെപി അംഗം മുന്നോട്ടുവെച്ച ഭേദഗതികൾ സഭ ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി പൂർണ്ണമായി നിരാകരിച്ചു. തുടർന്ന് പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നു. സഭയിലുണ്ടായിരുന്ന 111 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് ബിജെപി അംഗങ്ങൾ മാത്രമാണ് ഇതിനെതിരെ വോട്ട് ചെയ്തത്. വൻ ഭൂരിപക്ഷത്തോടെയാണ് നിയമസഭ ഈ കേന്ദ്രവിരുദ്ധ പ്രമേയം പാസ്സാക്കിയത്.

Kerala Assembly Passes Resolution Against FCRA Amendment Bill as BJP Members Dissent

More Stories from this section

family-dental
witywide