മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം ഇടതുരാഷ്ട്രീയമല്ല, സൈബർ പോരാളികളെ തള്ളി പി ജയരാജൻ; ‘മഹാനടൻ നാടിന്റെ പൊതുസ്വത്ത്’

മഹാനടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച സി.പി.എം പോഷക സംഘടനാ നേതാക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ രൂക്ഷമായി തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. മമ്മൂട്ടിയെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമണം അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതു ലേബലിൽ മമ്മൂട്ടിക്കെതിരെ പ്രചാരണം നടത്തുന്നതാരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്ന് വ്യക്തമാക്കിയ ജയരാജൻ, മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങുന്ന വ്യക്തിയല്ലെന്നും ഈ നാടിന്റെ പൊതുസ്വത്താണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

മുൻപ് വയനാട് ദുരന്ത മേഖലയിലെ ടൗൺഷിപ്പ് സന്ദർശനവേളയിൽ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖുമായി ബന്ധപ്പെട്ടുണ്ടായ പഴയ തെറ്റിദ്ധാരണകൾ വീണ്ടും കുത്തിപ്പൊക്കി മഹാനടനെ വേട്ടയാടാൻ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം പൊതുസമൂഹത്തിന് നന്നായി അറിയാവുന്നതാണെന്നും, രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാൻ ചിലർ നടത്തുന്ന ഇത്തരം അജണ്ടകൾ തിരിച്ചറിയപ്പെടണമെന്നും പി. ജയരാജൻ മുന്നറിയിപ്പ് നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം. വിജിൻ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവർ മമ്മൂട്ടിയുടെ വസതി സന്ദർശിച്ച ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് ഇടത് സൈബർ അണികളിൽ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത്.

മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തെ കാണാൻ പോയതെന്നും, കേവലം ഫോട്ടോ എടുക്കലല്ല മറിച്ച് രണ്ടു മണിക്കൂറിലധികം നീണ്ട ഗൗരവകരമായ ചർച്ചകളാണ് നടന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. വിദ്യാർത്ഥി സംഘടന നടത്തുന്ന സജീവ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിതെന്നും, ഇത്തരം സൈബർ ആക്രമണങ്ങൾ കണ്ട് സാംസ്കാരിക രംഗത്തുള്ളവരുമായുള്ള സംവാദങ്ങളിൽ നിന്ന് സംഘടന പിന്മാറില്ലെന്നും അദ്ദേഹം അറിയിച്ചു.

Cyber Attack Against Mammootty Not Leftist Ideology: P Jayarajan; Terms Actor Public Asset

More Stories from this section

family-dental
witywide