
തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടി.വി.കെ. (തമിഴക വെട്രി കഴകം) സർക്കാർ മൂന്ന് മാസത്തിനുള്ളിൽ വീഴുമെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പുതിയ ഭരണകൂടം മൂന്ന് മാസം തികയ്ക്കുമെന്ന് തോന്നുന്നില്ലെന്നും ജനങ്ങൾ ഇപ്പോൾ തന്നെ ഇക്കാര്യം സംസാരിച്ചു തുടങ്ങിയെന്നുമാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ആദ്യത്തെ ആറുമാസം പുതിയ സർക്കാരിനെ വിമർശിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി സ്റ്റാലിൻ ടി.വി.കെ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ സ്റ്റാലിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. രംഗത്തെത്തി. സ്റ്റാലിന്റെ വാദങ്ങളെ പൂർണ്ണമായി തള്ളിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, ഒന്നേമുക്കാൽ കോടി ജനങ്ങൾ വോട്ട് നൽകി തിരഞ്ഞെടുത്ത ഒരു ഭരണകൂടത്തെക്കുറിച്ച് സ്റ്റാലിനായാലും ഇ.പി.എസ്. ആയാലും ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനാധിപത്യവിരുദ്ധവും തെറ്റുമാണെന്ന് അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ നിലവിൽ ഡി.എം.കെ. സഖ്യം ഇല്ലെന്നും അതിനാൽ സഖ്യത്തിൽ തുടരുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ച സി.പി.എം., കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. സഖ്യങ്ങൾ പരാജയം രുചിച്ചവരാണെന്നും ഓർമ്മിപ്പിച്ചു.
വിജയ് സർക്കാരിന് പിന്തുണ നൽകാൻ സി.പി.എം. സംസ്ഥാന സമിതി സ്വന്തം നിലയ്ക്കാണ് തീരുമാനമെടുത്തതെന്നും ഇതിന് ആരുടെയും അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്നും ഷൺമുഖം കൂട്ടിച്ചേർത്തു. ഡി.എം.കെ. അനുവദിച്ചതുകൊണ്ടാണ് സഖ്യകക്ഷികൾ ടി.വി.കെ.യെ പിന്തുണയ്ക്കുന്നതെന്ന സ്റ്റാലിന്റെ വാദത്തെയും സി.പി.എം. സംസ്ഥാന സെക്രട്ടറി ശക്തമായി വിമർശിച്ചു. സി.പി.എം. സ്വന്തം നിലയ്ക്കാണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, സ്റ്റാലിന്റെ അഭിപ്രായത്തെക്കുറിച്ച് മാധ്യമങ്ങൾ അദ്ദേഹത്തോട് തന്നെ വിശദീകരണം തേടണമെന്നും ഷൺമുഖം ആവശ്യപ്പെട്ടു.
CPM Rejects MK Stalin’s Claim on Vijay Govt’s Fall; Declares DMK Alliance Is Over














