‘ഇത് വോട്ട് ചോരിക്ക് സമാനമായ രാഷ്ട്രീയ വഞ്ചന’; മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ അണിയറ നീക്കത്തിൽ സാംസ്കാരിക നായകരുടെ പ്രതിഷേധം

കേരളത്തിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന അനിശ്ചിതത്വത്തിനും അണിയറ നീക്കങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി സാംസ്കാരിക നായകർ രംഗത്ത്. ജനവിധി അട്ടിമറിക്കാനും ‘വോട്ട് ചോരി’ സംസ്കാരം നടപ്പിലാക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സാറാ ജോസഫ്, എം.എൻ. കാരശ്ശേരി, കൽപ്പറ്റ നാരായണൻ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയാക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും ഇത് ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്നും അവർ ആരോപിച്ചു.

തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ തങ്ങളുടെ നേതാവിനെ കണ്ടെത്തുക എന്ന ജനാധിപത്യ രീതിക്ക് പകരം ബാഹ്യ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തത് ജനവിധിയുടെ ആത്മാവ് കാണാൻ ശേഷിയില്ലാത്തതിനാലാണെന്നും എഴുത്തുകാർ പറഞ്ഞു. ഇത് കോൺഗ്രസിന്റെ മാത്രം ആഭ്യന്തര പ്രശ്നമല്ലെന്നും ജനങ്ങൾ നൽകിയ വോട്ട് മോഷ്ടിക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

ഭയാനകമായ രാഷ്ട്രീയ വഞ്ചനയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് വ്യക്തമാക്കിയ സാംസ്കാരിക നായകർ ഇന്ന് ‘ജനാധിപത്യ സംരക്ഷണ ദിനമായി’ ആചരിക്കാൻ ആഹ്വാനം ചെയ്തു. കെ.ജി. ശങ്കരപ്പിള്ള, യു.കെ. കുമാരൻ, എസ്. ജോസഫ് തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ പൗരസമൂഹം പ്രതിരോധം തീർക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ ജനവികാരം ഉൾക്കൊണ്ട് ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.

Cultural Leaders Slam Congress Over Kerala CM Delay, Call for ‘Democracy Protection Day’

More Stories from this section

family-dental
witywide