കടുപ്പിച്ച് സർക്കാർ, ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കകം പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യണം; ഇല്ലെന്ന് നടപടി എടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കകം നിർബന്ധമായും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് സംസ്ഥാന സർക്കാരിന്റെ കർശന നിർദേശം. ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച കത്ത് പുറപ്പെടുവിച്ചത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. താത്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നുവെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആദ്യഘട്ട നടപടിയായാണ് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

അടുത്തഘട്ടമായി പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിലും സർക്കാർ നടപടികൾ ശക്തമാക്കുമെന്നാണ് സൂചന. പി.എസ്.സി നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ അന്വേഷണത്തിൽ സർക്കാർ തൃപ്തരല്ലെന്ന സൂചന യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് അടുത്തിടെ നൽകിയ പ്രതികരണത്തിലൂടെ വ്യക്തമായിരുന്നു. സമീപകാല നിയമനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം നടന്നേക്കുമെന്നാണ് വിവരം.

റിസർച്ച് ഓഫീസർ പരീക്ഷയിലും ക്രമക്കേട് ആരോപണം

ഇതിനിടെ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയിലും ഗുരുതര ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്തെത്തി. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷയിൽ പ്ലസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങളാണ് കൂടുതലായും ഉൾപ്പെടുത്തിയതെന്നാണ് പ്രധാന പരാതി. കൂടാതെ ഭൂരിഭാഗം ചോദ്യങ്ങൾക്കും ‘ബി’ ഓപ്ഷനാണ് ശരിയുത്തരമായി നൽകിയിരിക്കുന്നതെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

പി.എസ്.സി ഉത്തരസൂചിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പരീക്ഷയുടെ വിശ്വാസ്യത സംബന്ധിച്ച സംശയങ്ങൾ ശക്തമായത്. ആകെ 100 ചോദ്യങ്ങളിൽ 54 എണ്ണത്തിനും ‘ബി’ ഓപ്ഷനാണ് ശരിയുത്തരമായി നൽകിയിരിക്കുന്നത്. കൊമേഴ്സ് വിഭാഗത്തിലെ 25 ചോദ്യങ്ങളിൽ 17 എണ്ണത്തിനും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ 25 ചോദ്യങ്ങളിൽ 16 എണ്ണത്തിനും ‘ബി’ തന്നെയാണ് ഉത്തരമെന്നതും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരക്കിട്ട് പരീക്ഷ നടത്തിയതിൽ ദുരൂഹതയുണ്ടെന്നും, പ്രത്യേക ലക്ഷ്യത്തോടെയാണോ പരീക്ഷ നടത്തിയതെന്ന സംശയവും ഉദ്യോഗാർഥികൾ ഉയർത്തുന്നു. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് ഉദ്യോഗാർഥികൾ.

More Stories from this section

family-dental
witywide