
ടെൽ അവീവ്: ഗുരുതരമായ സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മൂത്ത മകൻ യായിർ നെതന്യാഹുവിനെ (35) അമേരിക്കയിൽ നിന്ന് അടിയന്തരമായി ഇസ്രായേലിലേക്ക് മടക്കിക്കൊണ്ടുവന്നു. ഇസ്രായേലിൻ്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ‘ഷിൻ ബെറ്റ്’ (Shin Bet) ആണ് ഈ വിവരം സ്ഥിരീകരിച്ചത്.
അമേരിക്കയിലെ ഫ്ലോറിഡയിലായിരുന്ന യായിറിനെയും അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും അടിയന്തര സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷമാണ് ഇസ്രായേലിലേക്ക് മാറ്റിയത്. എന്നാൽ ഭീഷണിയുടെ ഉറവിടത്തെക്കുറിച്ചോ അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിടാൻ സുരക്ഷാ ഏജൻസി തയ്യാറായിട്ടില്ല.
തൻ്റെ മക്കളിലൊരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി പ്രധാനമന്ത്രി നെതന്യാഹു വെളിപ്പെടുത്തി ഒരാഴ്ച തികയും മുൻപാണ് ഈ നാടകീയ നീക്കങ്ങൾ. ഓഗസ്റ്റ് 24-ന് ഇസ്രായേലിലെ ‘ചാനൽ 14’-ന് നൽകിയ അഭിമുഖത്തിൽ, ഇറാൻ തൻ്റെ മകനെ ലക്ഷ്യമിട്ടതായും വധിക്കാൻ ശ്രമിച്ചതായും നെതന്യാഹു അവകാശപ്പെട്ടിരുന്നു. എന്നാൽ മൂത്ത മകൻ യായിറിനെയാണോ, രണ്ടാമത്തെ മകൻ അവ്‌നറെയാണോ ഇറാൻ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നില്ല.
2023 മുതൽ അമേരിക്കയിലെ മിയാമിയിലാണ് യായിർ താമസിക്കുന്നത്. ഗാസ, ലെബനൻ, ഇറാൻ എന്നിവരുമായി ഇസ്രായേൽ കടുത്ത യുദ്ധസാഹചര്യത്തിലൂടെ കടന്നുപോയ സമയങ്ങളിലത്രയും യായിർ വിദേശത്തായിരുന്നു. നെതന്യാഹുവിൻ്റെ അനൗദ്യോഗിക ഉപദേശകൻ കൂടിയായ യായിർ, തൻ്റെ പിതാവിനെ അനുകൂലിച്ചും രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ചും സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്.
യായിറിന് നേരെയുള്ള സുരക്ഷാ ഭീഷണി ഷിൻ ബെറ്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നിൽ ഇറാൻ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഭീഷണികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ മുതൽ യായിർ, അവ്‌നർ, അമ്മ സാറ നെതന്യാഹു എന്നിവരുടെ സുരക്ഷ ഷിൻ ബെറ്റ് ശക്തമാക്കിയിരുന്നു.
Death threats: Netanyahu’s son urgently evacuated from US to Israel















