
ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. ഇറാനിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾക്കും ജോർദാനും നേരെ ഇറാൻ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. തങ്ങളുടെ ജനതയെ കൊലപ്പെടുത്തിയ യുഎസ് വ്യോമാക്രമണത്തിന് പ്രതികാരമായി ജോർദാനിലെ പ്രിൻസ് ഹസ്സൻ വ്യോമതാവളത്തിനും യുഎസ് മറൈൻ ബേസിനും നേരെ “ശക്തമായ” ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള തൻ്റെ ആദ്യ സന്ദേശത്തിൽ, വാഷിംഗ്ടണിനായി ഇറാൻ്റെ സായുധ സേനയുടെ പക്കൽ “മറക്കാനാവാത്ത പാഠങ്ങൾ” കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾക്കെതിരെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം സജീവമായി രംഗത്തുണ്ടെന്ന് കുവൈറ്റ് അറിയിച്ചു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ഇറാനിയൻ ഡ്രോണുകളെ വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചതായി ബഹ്‌റൈനും വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സേനാംഗങ്ങൾക്കും എതിരെ ഇറാൻ നടത്തിയ ആക്രമണശ്രമങ്ങൾക്ക് മറുപടിയായി, സെപ്റ്റംബർ 1-ന് ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ തങ്ങളുടെ സൈന്യം ശക്തമായ ആക്രമണ പരമ്പര പൂർത്തിയാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചിരുന്നു. പിന്നാലെയാണ് ഇറാൻ്റെ തിരിച്ചടി.
ഇറാനിലെ അസലൂയ, ജിറോഫ്റ്റ്, ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ്, ചബഹാർ, സിറിക് ഉൾപ്പെടെയുള്ള തെക്കൻ ഇറാനിയൻ നഗരങ്ങളിൽ യുഎസ് ആക്രമണത്തെത്തുടർന്ന് വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിക്കിലുണ്ടായ ആക്രമണത്തിൽ ഒരു വിവാഹ ആഘോഷം നടന്ന വീട് തകരുകയും, ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. അൻപതിലധികം പേർക്ക് പരിക്കേറ്റതായും ഇറാനിയൻ റെഡ് ക്രസന്റ് വ്യക്തമാക്കി. പ്രദേശത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Iran strikes back at US: Missile-drone attacks on Jordan and Gulf coasts, Middle East on brink of war again















