മറുചോദ്യങ്ങൾ ഉന്നയിച്ച് വാൻസ്, ട്രംപ് ഭരണകൂടത്തിൽ ഭിന്നത രൂക്ഷം; ട്രംപിനെ പെന്‍റഗൺ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്ന ആശങ്കയുമായി വൈസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ച് അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് ശക്തമായ സംശയം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകൾ. യുദ്ധഭൂമിയിൽ അമേരിക്കൻ സൈന്യം വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്നും, ഇറാന്റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജനറൽ ഡാൻ കെയ്‌നും പറയുന്നത്. എന്നാൽ ഈ അവകാശവാദങ്ങളുടെ യാഥാർത്ഥ്യം എന്താണെന്ന് വാൻസ് ചോദ്യം ചെയ്യുന്നു.

പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പെന്റഗൺ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്ന ആശങ്കയും വാൻസിനുണ്ട്. യുദ്ധം എട്ട് ആഴ്ച പിന്നിടുമ്പോൾ അമേരിക്കയുടെ മിസൈൽ ശേഖരം ഗണ്യമായി കുറഞ്ഞുവെന്നും, ഇത് ഭാവിയിൽ ചൈനയോ റഷ്യയോ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ബാധകമാകാമെന്നും അദ്ദേഹം രഹസ്യയോഗങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുവേദികളിൽ പ്രതിരോധ സെക്രട്ടറിയെ പ്രശംസിക്കുന്നതിനൊപ്പം, അടച്ചിട്ട ചർച്ചകളിൽ വാൻസ് ഉയർത്തുന്ന സംശയങ്ങൾ ട്രംപ് ഭരണകൂടത്തിനുള്ളിലെ ഭിന്നതകളുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇറാന്റെ സൈനിക ശക്തി പൂർണമായി തകർന്നുവെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദത്തിന് വിരുദ്ധമായി, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മറ്റൊരു ചിത്രം വരയ്ക്കുന്നു. ഇറാന്റെ വ്യോമസേനയുടെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോഴും സുരക്ഷിതമാണെന്നും, ഹോർമുസ് കടലിടുക്കിൽ ഭീഷണി സൃഷ്ടിക്കാൻ കഴിയുന്ന മിസൈലുകളും ബോട്ടുകളും അവർക്കുണ്ടെന്നും കണ്ടെത്തലുകൾ പറയുന്നു. ഇതേസമയം, അമേരിക്കയുടെ പ്രധാന ആയുധശേഖരങ്ങളിൽ പകുതിയിലധികം ഇതിനകം ചെലവായതായി പ്രമുഖ തിങ്ക് ടാങ്കായ CSIS വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതിനെതിരെ നിലപാട് എടുത്തിരുന്ന കുറച്ച് നേതാക്കളിൽ ഒരാളാണ് വാൻസ്. ഈ സംഘർഷം വലിയ മനുഷ്യനാശത്തിനും പ്രാദേശിക അസ്ഥിരതയ്ക്കും ഇടയാക്കുമെന്ന് അദ്ദേഹം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. 2028ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന വാൻസിന്, ഈ യുദ്ധത്തിന്റെ ഫലം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്നതായിരിക്കും. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയതും വാൻസായിരുന്നു.

More Stories from this section

family-dental
witywide