ആരോഗ്യമന്ത്രിക്കും വകുപ്പിനും ആശ്വാസം, ഡിഎച്ച്എസ് സ്ഥലംമാറ്റത്തിൽ സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി, റീനയ്ക്ക് തിരിച്ചടി, മീനാക്ഷിക്ക് തിരിച്ചടി

സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് വൻ ആശ്വാസം. ഡോ. റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി പൂർണ്ണമായും ശരിവെച്ചു. നേരത്തെ സ്ഥലംമാറ്റത്തിന് അനുകൂലമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി) പുറപ്പെടുവിച്ചിരുന്ന സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ട്രൈബ്യൂണൽ സ്റ്റേ ഉത്തരവ് നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിയോടെ നിലവിൽ താൽക്കാലികമായി ചുമതലയേറ്റ ഡോ. മീനാക്ഷിക്ക് ഡിഎച്ച്എസ് തസ്തികയിൽ തുടരാം. ഡോ. റീന തസ്തികയിൽ മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയെന്നും ഫെബ്രുവരിയിൽ അവസാനിച്ച ഇവരുടെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നൽകിയിട്ടില്ലെന്നുമുള്ള സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജനറൽ കേഡറിൽ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് കേഡർ ഡോ. റീന സ്വയം തിരഞ്ഞെടുത്തതാണെന്നും അതിനാൽ നിലവിലെ സ്ഥലംമാറ്റ നടപടികളിൽ നിയമപരമായ തെറ്റില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

പൂനെയിൽ നിന്നുള്ള നിപ പരിശോധനാ ഫലം അറിഞ്ഞിട്ടും ഡിഎച്ച്എസ് സമയത്ത് അറിയിച്ചില്ലെന്നും സ്ഥാനത്തിരുന്ന് ‘തൊരപ്പൻ പണി’ കാണിച്ചതുകൊണ്ടാണ് റീനയെ മാറ്റിയതെന്നുമുള്ള ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയോടെയാണ് വിവാദം കടുത്തത്. ഇതിനെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ആരോഗ്യ മന്ത്രിയും തമ്മിൽ കടുത്ത വാക്പോര് നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലംമാറ്റത്തിന് സ്റ്റേ നേടിയ ഡോ. റീനയും സർക്കാർ താൽക്കാലികമായി ചുമതല നൽകിയ ഡോ. മീനാക്ഷിയും ഓഫീസിലെ മുഖാമുഖം കസേരകളിൽ തുടരുന്ന നാടകീയ രംഗങ്ങൾക്കൊപ്പം, നിയമസഭയിൽ മന്ത്രിയുടെ പഴയ ‘എരണം കെട്ടവൻ’ പ്രയോഗം ഉയർത്തി പ്രതിപക്ഷം വലിയ ആക്രമണമാണ് നടത്തിയത്. എന്നാൽ സിസ്റ്റത്തെ അംഗീകരിക്കാത്തവർ കസേരയിലുണ്ടാകില്ലെന്ന മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇപ്പോൾ സർക്കാരിന് അനുകൂലമായി കോടതി വിധി വന്നിരിക്കുന്നത്.

DHS Transfer Controversy: Kerala High Court Upholds Government Decision and Rejects Dr Reena’s Plea

More Stories from this section

family-dental
witywide