ഡിഎച്ച്എസ് സ്ഥലംമാറ്റ വിവാദം: ഹൈക്കോടതി വിധി നാളെ; സഭയിലും മന്ത്രിയും പ്രതിപക്ഷവും തമ്മിൽ കടുത്ത പോര്

ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്.) ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്‌റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വൈകിട്ട് 4 മണിക്ക് വിധി പറയും. ഡോ. റീന ഡി.എച്ച്.എസ്. തസ്തികയിൽ മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയെന്നും ഫെബ്രുവരിയിൽ അവസാനിച്ച ഇവരുടെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജനറൽ കേഡറിൽ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് കേഡർ ഡോ. റീന സ്വയം തിരഞ്ഞെടുത്തതാണെന്നും അതിനാൽ നിലവിലെ സ്ഥലംമാറ്റ നടപടികളിൽ നിയമപരമായ തെറ്റില്ലെന്നുമാണ് സർക്കാരിന്റെ വാദം.

അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ കസേരകളിയുടെ നാടകീയ രംഗങ്ങളാണ് നിലവിലുള്ളത്. സ്ഥലംമാറ്റത്തിന് കോടതിയിൽ നിന്ന് സ്റ്റേ നേടിയ ഡോ. റീനയും സർക്കാർ താൽക്കാലികമായി ചുമതല നൽകിയ ഡോ. മീനാക്ഷിയും കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസിലെ മുഖാമുഖം കസേരകളിൽ തുടരുകയായിരുന്നു. പൂനെയിൽ നിന്നുള്ള നിപ പരിശോധനാ ഫലം അറിഞ്ഞിട്ടും ഡി.എച്ച്.എസ്. സമയത്ത് അറിയിച്ചില്ലെന്നും സ്ഥാനത്തിരുന്ന് ‘തൊരപ്പൻ പണി’ കാണിച്ചതുകൊണ്ടാണ് റീനയെ മാറ്റിയതെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്. എന്നാൽ മന്ത്രിയുടെ ഈ ആരോപണം ഡോ. റീന പൂർണ്ണമായി തള്ളിക്കളഞ്ഞിരുന്നു.

വിഷയത്തെച്ചൊല്ലി നിയമസഭയിലും പ്രതിപക്ഷവും ആരോഗ്യ മന്ത്രിയും തമ്മിൽ കടുത്ത വാക്പോര് നടന്നു. ആരോഗ്യവകുപ്പിന് കെടുകാര്യസ്ഥതയാണെന്നും പകർച്ചവ്യാധികൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പഴയ ‘എരണം കെട്ടവൻ’ പ്രയോഗം ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ആക്രമണം. എന്നാൽ 10 വർഷത്തെ റീൽസും 5 വർഷത്തെ ‘വീണ’ മീട്ടലുമാണ് ആരോഗ്യമേഖലയിലെ യഥാർത്ഥ പ്രശ്നമെന്നായിരുന്നു മന്ത്രി കെ. മുരളീധരന്റെ തിരിച്ചടി. ഒപ്പം, സിസ്റ്റത്തെ അംഗീകരിക്കാത്തവർ കസേരയിലുണ്ടാകില്ലെന്ന കർശന മുന്നറിയിപ്പും മന്ത്രി നൽകി.

DHS Transfer Row: Kerala High Court Verdict Tomorrow as Assembly Witnesses Heated Spar Between Minister and Opposition

More Stories from this section

family-dental
witywide