തുരപ്പൻ പണിയെടുക്കുന്ന ആരെയും ഡിഎച്ച്എസിന്റെ കസേരയിൽ ഇരുത്തില്ലെന്ന് മന്ത്രി, റീനയുടെ മാറ്റം തടഞ്ഞ ഉത്തരവിൽ കടുത്ത അതൃപ്തി, ‘പിഎം ശ്രീയിൽ മുന്നോട്ട്’

ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിൽ കടുത്ത പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ താൻ ഈ കസേരയിൽ ഇരിക്കുമ്പോൾ ആ പദവിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. റീന തുരപ്പൻ പണി നടത്തിയോ എന്ന കാര്യം സർക്കാർ മേൽക്കോടതിയിൽ വ്യക്തമാക്കും. ട്രൈബ്യൂണൽ ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്നും സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതിനു മുകളിൽ ഹൈക്കോടതിയുള്ളതുപോലെ ഇതിനു മുകളിലും നിയമസംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സമയത്ത് പിണറായി വിജയൻ രാജിവെച്ചിരുന്നോ എന്നും മന്ത്രി ചോദിച്ചു.

കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതി തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടില്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തലയിൽ മുണ്ടിട്ടല്ല സർക്കാർ ഇതിൽ ഒപ്പിട്ടത്. ഇതൊരു കാബിനറ്റ് തീരുമാനമാണ്, അതുകൊണ്ട് തന്നെ ഗവൺമെന്റ് തീരുമാനത്തിൽ നിന്ന് മന്ത്രിമാർ ആരും പിന്നോട്ട് പോകില്ല. കേന്ദ്രം പറഞ്ഞാൽ പോലും മുഗൾ സാമ്രാജ്യം ഉൾപ്പെടെയുള്ള ചരിത്രങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം സമരം ചെയ്യുന്ന നഴ്സുമാരുടെ കാര്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇതിൽ കൃത്യമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നിലവിൽ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധനകളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സ്വകാര്യ ആശുപത്രികളിൽ ഇഡിയുടെ പരിശോധനകൾ നടക്കട്ടെയെന്നും, അവരുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷം ആരോഗ്യവകുപ്പ് ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

Won’t Tolerate Defiance from Officials, Says Minister K Muraleedharan on DHS Transfer Controversy

More Stories from this section

family-dental
witywide