
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് പക്ഷാഘാതം സംഭവിച്ചതായും അദ്ദേഹത്തെ അടിയന്തരമായി ബെയ്ജിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്ന് വ്യക്തമായി. അന്താരാഷ്ട്ര മാധ്യമങ്ങളും പ്രമുഖ വസ്തുതാന്വേഷണ വെബ്‌സൈറ്റുകളും നടത്തിയ പരിശോധനയിലാണ് ഈ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയത്.
ചൈനീസ് ഭരണകൂടത്തിൻ്റെ വിമർശകരും ചൈന ഡെമോക്രസി പാർട്ടി അധ്യക്ഷനുമായ വാൻജുൻ ഷി ഉൾപ്പെടെയുള്ള ചില എക്സ് അക്കൗണ്ടുകൾ വഴിയാണ് ഈ വ്യാജ വാർത്ത ആദ്യം പ്രചരിച്ചത്. ഡൽഹിയിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ ഷി ചിൻപിങ് ബോധരഹിതനായി വീണെന്നും തുടർന്ന് പ്രത്യേക സൈനിക വിമാനത്തിൽ ബെയ്ജിങ്ങിലെ ‘301 ഹോസ്പിറ്റലിൽ’ പ്രവേശിപ്പിച്ചെന്നുമാണ് ഇവർ അവകാശപ്പെട്ടിരുന്നത്.
എന്നാൽ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ മൈക്രോഫോൺ അല്ലെങ്കിൽ വിവർത്തന സംബന്ധമായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഷി ചിൻപിങ് അല്പം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഈ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോട് കാര്യങ്ങൾ കൃത്യമാണോ എന്ന് ചോദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കൂടാതെ അന്നുരാത്രി നടന്ന ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് വിശ്രമത്തിനായി അദ്ദേഹം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്താണ് ചൈനീസ് വിരുദ്ധ ഗ്രൂപ്പുകൾ പക്ഷാഘാത വാർത്തകൾ കെട്ടിച്ചമച്ചത്.
സന്ദർശനം പാതിവഴിയിൽ ഉപേക്ഷിക്കാതെ ഉച്ചകോടിയിലെ പ്രധാന ചർച്ചകളിൽ മുഴുവൻ പങ്കെടുത്ത ചൈനീസ് പ്രസിഡന്റ്, സെപ്റ്റംബർ 13-ന് ഔദ്യോഗികമായി ചൈനയിലേക്ക് മടങ്ങുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് ആരോഗ്യവാനായി നടന്നുപോകുന്ന അദ്ദേഹത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷി ചിൻപിങ്ങിന് ആരോഗ്യപ്രശ്നങ്ങളുള്ളതായി ചൈനയോ ഇന്ത്യയോ ഔദ്യോഗികമായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
Did the Chinese President suffer a stroke during the BRICS summit? Did he forgo treatment in India to return to China? The truth behind the rumors revealed.














