ബ്രിക്സ് വിരുന്നിലെ സസ്യഭക്ഷണ മെനുവിനെച്ചൊല്ലി രാഷ്ട്രീയപ്പോര് : 20 വർഷം മുൻപ് അബ്ധുൾ കലാമിന് വിരുന്നൊരുക്കിയ ഓർമ്മയുമായി ഐസ്‌ലൻഡ് മുൻ പ്രസിഡൻ്റ്

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക അത്താഴവിരുന്നിലെ സസ്യഭക്ഷണ മെനുവിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നതിനിടെ, ശ്രദ്ധേയമായ ഓർമ്മപ്പെടുത്തലുമായി ഐസ്‌ലൻഡ് മുൻ പ്രസിഡന്റ് ഓലാഫർ റാഗ്നർ ഗ്രിംസൺ. 2005-ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഐസ്‌ലൻഡ് സന്ദർശിച്ചപ്പോൾ താൻ പൂർണ്ണമായും സസ്യഭക്ഷണമാണ് ഔദ്യോഗിക വിരുന്നിനായി ഒരുക്കിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

1996 മുതൽ 2016 വരെ ഐസ്‌ലൻഡ് പ്രസിഡന്റായിരുന്ന 83-കാരനായ ഗ്രിംസൺ, സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. “ഒരു ഇന്ത്യൻ രാഷ്ട്രപതിയുടെ ആദ്യത്തെ നോർഡിക് സന്ദർശന വേളയിൽ ഞാൻ നൽകിയത് സമ്പൂർണ്ണ സസ്യഭക്ഷണമായിരുന്നു. ഇരുപത് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. സസ്യഭുക്കാകാൻ ഒട്ടും എളുപ്പമല്ലാത്ത ഐസ്‌ലൻഡ് പോലൊരു രാജ്യത്താണ് ഇതൊരുക്കിയതെന്ന് ഓർക്കണം,” ഗ്രിംസൺ കുറിച്ചു. ബ്രിക്സ് വിരുന്നിനെ ചിലർ പരിഹസിക്കുന്നതിനെതിരെയുള്ള മറുപടിയായാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് നേതാക്കൾക്കായി ഒരുക്കിയ അത്താഴവിരുന്നിൽ മാംസാഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതാണ് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് കാരണമായത്. പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളായ ഖണ്ട്‌വി, പനീർ ലബാബ്ദാർ, ചെറുധാന്യങ്ങൾ കൊണ്ടുള്ള പുലാവ്, ജിലേബി തുടങ്ങിയവയാണ് വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ കാർഷിക-ഭക്ഷണ വൈവിധ്യവും സുസ്ഥിരതയും ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനാണ് ഈ മെനു തയ്യാറാക്കിയതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേന്ദ്രത്തിനെതിരെ കോൺഗ്രസ്

അതേസമയം, വിരുന്നിലെ മെനു ഭൂരിഭാഗം ഇന്ത്യക്കാരുടെയും ഭക്ഷണരീതികളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വിമർശിച്ചു. 80 ശതമാനത്തോളം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണെന്നും ഇന്ത്യൻ മാംസാഹാര വിഭവങ്ങൾ ഏറെ രുചികരമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ബിജെപി സർക്കാർ തങ്ങളുടെ ഭക്ഷണ താല്പര്യങ്ങൾ വിദേശ പ്രതിനിധികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും കുറ്റപ്പെടുത്തി. ഇന്ത്യയുടെ വൈവിധ്യമാർന്ന മാംസാഹാര സംസ്കാരം ആഗോള പ്രതിനിധികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം സർക്കാർ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ വെച്ചാണ് 18-ാമത് ബ്രിക്സ് ഉച്ചകോടി നടന്നത്. ഉച്ചകോടിയുടെ സമാപനത്തോടെ സംഘടനയുടെ അധ്യക്ഷസ്ഥാനം ചൈനയ്ക്ക് കൈമാറി. 2027-ൽ നടക്കുന്ന 19-ാമത് ഉച്ചകോടിക്ക് ചൈനയാണ് ആതിഥേയത്വം വഹിക്കുന്നത്.

Political row over vegetarian menu at BRICS banquet: Former President of Iceland recalls hosting a banquet for Abdul Kalam 20 years ago.

More Stories from this section

family-dental
witywide