വെനസ്വേലയെ പിടിച്ചുലച്ച് ഇരട്ട ഭൂകമ്പം: ജപ്പാനും കുലുങ്ങി, ഒരു മിനിറ്റിനിടെ 7.5 തീവ്രത, കനത്ത നാശനഷ്ടം, ആയിരക്കണക്കിന് ആളപായം സംശയിക്കുന്നു, സൂനാമി മുന്നറിയിപ്പ്

കാരക്കസ്: ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഒന്നിനു പുറകെ ഒന്നായി ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ കനത്ത നാശനഷ്ടം. തലസ്ഥാനമായ കാരക്കസ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ദുരന്തത്തിൽ വലിയ തോതിൽ ആളപായമുണ്ടായതായാണ് പ്രാഥമിക വിവരങ്ങൾ. ദുരന്തത്തിൽ 10,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ മരണപ്പെടാനുള്ള സാധ്യതയാണ് യുഎസ് ജിയോളജിക്കൽ സർവേ പ്രവചിച്ചത്. വെനസ്വേലയിൽ സൂനാമി മുന്നറിയിപ്പുണ്ട്.

മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് പ്രകമ്പനങ്ങൾ
പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6:04 ഓടെയാണ് വെനസ്വേലയെ നടുക്കിയ ആദ്യ ഭൂകമ്പം അനുഭവപ്പെടുന്നത്. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഈ ആദ്യ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ, വെറും 40 സെക്കൻഡുകൾക്കുള്ളിൽ രണ്ടാമത്തെ ശക്തമായ ഭൂകമ്പവുമുണ്ടായി. രണ്ടാമത്തെ ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.5 ആയിരുന്നു. സാൻ ഫെലിപ്പെ, യുമാരെ എന്നീ പ്രദേശങ്ങൾക്ക് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്.

തകർന്നടിഞ്ഞ് തലസ്ഥാന നഗരി
ഭൂകമ്പത്തിൻ്റെ ആഘാതത്തിൽ വെനസ്വേലൻ തലസ്ഥാനമായ കാരക്കസിലെ പബ്ലിക് ബാങ്ക് കെട്ടിടം ഉൾപ്പെടെ ഡസൻ കണക്കിന് ബഹുനില മന്ദിരങ്ങൾ പൂർണ്ണമായും തകർന്നു. കാരക്കസിലെ അൽതാമിറ, ലോസ് പലോസ് ഗ്രാൻഡെസ് എന്നീ ജനവാസ മേഖലകളിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
സ്പെയിനിൽ നിന്നുള്ള സ്വാതന്ത്ര്യ ലബ്ധിയുടെ വാർഷികാഘോഷങ്ങളുടെ പൊതുഅവധിയിലായിരുന്നതിനാൽ ജനങ്ങൾ വീടുകളിൽ ഒത്തുകൂടിയ സമയത്താണ് ദുരന്തം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. സൈന്യവും പൊലീസും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് രാത്രിയിലും അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. അയൽരാജ്യമായ കൊളംബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ കരീബിയൻ ദ്വീപുകളിലും ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂകമ്പത്തെ തുടർന്ന് കരീബിയൻ മേഖലയിലെ പ്യൂർട്ടോ റിക്കോ, വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ തകർന്ന കെട്ടിടങ്ങളിൽ നിന്ന് മാറി സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു.

ജപ്പാനും കുലുങ്ങി

വടക്കൻ ജപ്പാനിലും അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഇവാതെ പ്രവിശ്യയുടെ തീരക്കടലിൽ, ഭൂമിക്കടിയിൽ 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ ഉത്ഭവം. ജാപ്പനീസ് തീവ്രതാ സ്കെയിലിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിലയായ ‘അപ്പർ 6’ തീവ്രതയിലാണ് ആവോമോരി പ്രവിശ്യയിലെ ഹാഷികാമിയിൽ പ്രകമ്പനം അനുഭവപ്പെട്ടത്. ഈ തീവ്രതയിൽ മനുഷ്യർക്ക് നേരെ നിൽക്കാൻ പോലും സാധിക്കില്ല. : വടക്കൻ മേഖലകളായ ഹൊക്കൈഡോ, മിയാഗി, ഫുകുഷിമ എന്നിവടങ്ങളിലും തലസ്ഥാനമായ ടോക്കിയോയിലും നേരിയ ചലനങ്ങൾ അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് കടൽത്തീരങ്ങളിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടായേക്കാമെങ്കിലും ജപ്പാൻ കാലാവസ്ഥാ ഏജൻസി സൂനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Double earthquake hits Venezuela: Japan also shaken, 7.5 magnitude in one minute, heavy damage, thousands of casualties suspected, tsunami warning

More Stories from this section

family-dental
witywide