
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾ, അമേരിക്കൻ കർഷകർക്കുള്ള അടിയന്തര സഹായം, ആഫ്രിക്കയിലെ എബോള പ്രതിരോധം എന്നിവയ്ക്കായി 87.6 ബില്യൺ ഡോളറിൻ്റെ (ഏകദേശം 7.3 ലക്ഷം കോടി രൂപ) അടിയന്തര പാക്കേജ് അനുവദിച്ച് നൽകണമെന്ന് യുഎസ് കോൺഗ്രസിനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു . യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭരണകൂടത്തിന് കീഴിലുള്ള ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബഡ്ജറ്റാണ് കോൺഗ്രസ് സ്പീക്കർ മൈക്ക് ജോൺസന് ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് നൽകിയത്.
സമർപ്പിക്കപ്പെട്ട ബഡ്ജറ്റ് നിർദ്ദേശത്തിലെ 67 ബില്യൺ ഡോളറും നീക്കിവെച്ചിരിക്കുന്നത് ഇറാനെതിരായ യുഎസ് സൈനിക നീക്കത്തിൻ്റെ (ഓപ്പറേഷൻ എപിക് ഫ്യൂറി) ഭാഗമായുള്ള പ്രതിരോധ ചെലവുകൾക്കാണ്. ഇതിൽ 21 ബില്യൺ ഡോളർ പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനും, 17.3 ബില്യൺ ഡോളർ സൈനിക പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും. ഡ്രോൺ നിർമ്മാണം, സൈബർ സുരക്ഷ, ഇന്ധനച്ചെലവുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പ്രതിസന്ധി നേരിടുന്ന വിള കർഷകർക്ക് നേരിട്ടുള്ള ധനസഹായമായി 10 ബില്യൺ ഡോളറും, കഴിഞ്ഞ വർഷത്തെ കടുത്ത ശീതകാല കൊടുങ്കാറ്റിൽ വൻ നഷ്ടം നേരിട്ട ഫ്ലോറിഡയിലെ കാർഷിക ഉത്പാദകർക്കായി 1.1 ബില്യൺ ഡോളറും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോംഗോ ഉൾപ്പെടെയുള്ള മധ്യആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന ഇബോള വൈറസിനെ പ്രതിരോധിക്കാനും, ആഫ്രിക്കൻ മേഖലകളിൽ മാനുഷിക സഹായം എത്തിക്കാനുമായി ഈ തുക ഉപയോഗിക്കും. കെനിയയിലെ ക്വാറന്റൈൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും ഇതിൻ്റെ ഭാഗമാണ്.
കൂടാതെ, വാഷിംഗ്ടൺ ഡി.സി.യിലെ ചില നിർമ്മാണ പ്രവർത്തനങ്ങൾക്കായി 500 മില്യൺ ഡോളറും, ന്യൂയോർക്കിലെ പെൻ സ്റ്റേഷൻ റെയിൽവേ ഹബ്ബിൻ്റെ നവീകരണത്തിനായി 1 ബില്യൺ ഡോളറും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനിലെ യുഎസ് സൈനിക നടപടികളോട് ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്ക് ശക്തമായ വിയോജിപ്പുള്ളതിനാൽ, ഈ ഭീമമായ തുക കോൺഗ്രസിൽ പാസാക്കിയെടുക്കുന്നത് ട്രംപ് ഭരണകൂടത്തിന് കടുത്ത രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
White House requests $87.6 billion in emergency funding for Iran war costs, farmers, Ebola costs















