
ബോസ്റ്റൺ: വോട്ടർ രജിസ്ട്രേഷന് പൗരത്വ തെളിവ് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വിവാദ ഉത്തരവ് യുഎസ് ഫെഡറൽ കോടതി സ്ഥിരമായി റദ്ദാക്കി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ഡെനീസ് കാസ്പർ ആണ് ട്രംപ് ഭരണകൂടത്തിൻ്റെ തെരഞ്ഞെടുപ്പ് പരിഷ്കരണ നീക്കങ്ങൾക്ക് തിരിച്ചടിയായ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ട സ്റ്റേറ്റ് അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിയന്ത്രിക്കാൻ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങൾക്കും കോൺഗ്രസിനുമാണ് അധികാരമെന്നും, പ്രസിഡൻ്റിൻ്റെ ഇടപെടൽ അധികാര വികേന്ദ്രീകരണ തത്വങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. “ഭരണഘടന പ്രസിഡൻ്റിന് തെരഞ്ഞെടുപ്പിന്മേൽ പ്രത്യേക അധികാരങ്ങളൊന്നും നൽകുന്നില്ല,” ജഡ്ജി കാസ്പർ വിധിന്യായത്തിൽ വ്യക്തമാക്കി.
വോട്ട് രജിസ്റ്റർ ചെയ്യുന്നതിന് പൗരത്വത്തിൻ്റെ രേഖാമൂലമുള്ള തെളിവ് ഹാജരാക്കുക, തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന മെയിൽ ബാലറ്റുകൾ കൃത്യസമയത്ത് പോസ്റ്റ്മാർക്ക് ചെയ്തതാണെങ്കിൽ പോലും എണ്ണാതിരിക്കുക, ഈ നിർദേശങ്ങൾ അനുസരിക്കാത്ത സംസ്ഥാനങ്ങൾക്ക് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള ഫെഡറൽ ഫണ്ടുകൾ നിഷേധിക്കുക എന്നിവയായിരുന്നു ട്രംപിൻ്റെ വിവാദ ഉത്തരവിലെ പ്രധാന നിർദേശങ്ങൾ.
ഭരണഘടനയെ അട്ടിമറിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസും കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ടയും പ്രതികരിച്ചു. വോട്ടവകാശം സംരക്ഷിക്കാൻ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വൈറ്റ് ഹൗസ് വക്താവ് അബിഗയിൽ ജാക്സൺ അറിയിച്ചു. ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ തെരഞ്ഞെടുപ്പ് പരിഷ്കരണ ഉത്തരവുകൾക്കെതിരെ നേരത്തെയും വാഷിംഗ്ടൺ ഡിസി കോടതിയിൽ നിന്ന് സമാനമായ തിരിച്ചടികൾ നേരിട്ടിരുന്നു.
Trump suffers major setback; US court blocks move to make citizenship mandatory for voter registration















