കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകം: മൃതദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചിയിലെത്തിക്കും; പ്രതി അനില ബേബി യു.എസ് പൊലീസിൻ്റെ കസ്റ്റഡിയിൽ

നെടുമ്പാശ്ശേരി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ എട്ടുമണിയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കും. പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, യു.എസ് വിദേശകാര്യ-ഇമിഗ്രേഷൻ വകുപ്പുകളുടെ അനുമതികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത്. നോർക്ക റൂട്ട്സിന്റെയും യു.എസിലെ മലയാളി പ്രവാസി കൂട്ടായ്മകളുടെയും സജീവമായ ഏകോപനത്തിലാണ് തുടർനടപടികൾ വേഗത്തിലാക്കിയത്.

തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന ഹരി (അഞ്ജന വിജീഷ് – 35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു (40) എന്നിവരാണ് കഴിഞ്ഞ ഓഗസ്റ്റ് 28-ന് കാലിഫോർണിയയിൽ വെച്ച് കൊല്ലപ്പെട്ടത്.

മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനില ബേബി (32) ആണെന്ന് യു.എസ് പൊലീസ് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനില ബേബി നിലവിൽ യു.എസിൽ അതീവ സുരക്ഷാ ജയിലിൽ റിമാൻഡിലാണ്. ഓഗസ്റ്റ് 28-ന് വെറും 90 മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പ്രതി രണ്ട് കൊലപാതകങ്ങളും നടത്തിയത്. ആൻമേരി മാത്യുവിനെ സാൻ ഹൊസെയിലെ വസതിയിൽ വെച്ച് ശ്വാസം മുട്ടിച്ച് കുത്തിക്കൊലപ്പെടുത്തുകയും, തുടർന്ന് മിൽപിറ്റാസിലെ അപ്പാർട്ട്മെന്റ് പാർക്കിങ് ലോട്ടിൽ വെച്ച് അഞ്ജന ഹരിയെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രൊസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കിയത്. പ്രതിക്ക് മേൽ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ചുള്ള അന്വേഷണം യു.എസ് പൊലീസ് ഇപ്പോഴും തുടരുകയാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന അഞ്ജനയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തൃശൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് പൊതുദർശനത്തിന് വെച്ച ശേഷം ഇന്ന് വൈകീട്ടോടെ തന്നെ തൃശൂരിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. ആൻമേരി മാത്യുവിന്റെ മൃതദേഹം കൊച്ചിയിൽ നിന്നും ഭർത്താവ് കുറിച്ചി പള്ളത്തറ ജേക്കബിന്റെ (മിഥുൻ) കോട്ടയത്തുള്ള വസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ചൊവ്വാഴ്ച പള്ളം ബുക്കാന സെയ്ന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

Double murder of Malayali women in California: Bodies to arrive in Kochi this morning; accused Anila Baby in US police custody.

More Stories from this section

family-dental
witywide