കോംഗോയിൽ എബോള അതിരൂക്ഷമായി പടരുന്നു: മരണസംഖ്യ 1,405 ആയി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച നിലവിലെ രോഗബാധയിൽ ഇതുവരെ 1,405 പേർ മരിച്ചതായി രാജ്യത്തെ ആരോഗ്യ അധികൃതർ ഞായറാഴ്ച അറിയിച്ചു. ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ച എബോള ബാധിതരുടെ എണ്ണം 3,200 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ രോഗത്തിന്റെ മരണനിരക്ക് 43.9 ശതമാനമാണ്. അതായത്, സ്ഥിരീകരിച്ച രോഗബാധിതരിൽ ഏകദേശം പകുതിയോളം പേർ മരണത്തിന് കീഴടങ്ങിയെന്നാണ് കണക്ക്.

എന്നാൽ, കണ്ടെത്താതെയും റിപ്പോർട്ട് ചെയ്യാതെയും പോയ കേസുകൾ നിരവധിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ യഥാർഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. കിഴക്കൻ കോംഗോയിൽ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വൈറസ് ആഴ്ചകളോളം തിരിച്ചറിയപ്പെടാതെ വ്യാപിച്ചിരുന്നുവെന്നാണ് അധികൃതരുടെ നിഗമനം. സായുധസംഘങ്ങളുടെ ആക്രമണങ്ങളും ദുരിതാശ്വാസ പ്രവർത്തകരോടുള്ള ജനങ്ങളുടെ അവിശ്വാസവും രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.

രാജ്യത്തെ 26 പ്രവിശ്യകളിൽ അഞ്ചിടങ്ങളിലാണ് ഇതുവരെ എബോള സ്ഥിരീകരിച്ചത്. വടക്കുകിഴക്കൻ ഇതുരി പ്രവിശ്യയാണ് രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രം. ഉഗാണ്ടയുമായും ദക്ഷിണ സുഡാനുമായും അതിർത്തി പങ്കിടുന്ന ഇതുരിയിൽ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് വിലയിരുത്തൽ. ഉഗാണ്ടയിലും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ കുറഞ്ഞത് രണ്ട് മരണങ്ങളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പ്രത്യേകിച്ച് ശരീരസ്രവങ്ങളിലൂടെയുമാണ് എബോള വൈറസ് പകരുന്നത്.

നിലവിൽ വ്യാപിക്കുന്ന ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാൽ രോഗവ്യാപനം നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളിയായിരിക്കുകയാണ്. വൈറസിനെതിരെ വികസിപ്പിച്ച രണ്ട് ആന്റിവൈറൽ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണം ജൂലൈ ആദ്യം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും മാരകമായ മൂന്നാമത്തെ എബോള പകർച്ചവ്യാധിയായാണ് നിലവിലെ വ്യാപനം മാറിയിരിക്കുന്നത്. 2014–15 കാലത്തെ പശ്ചിമ ആഫ്രിക്കൻ എബോള വ്യാപനത്തിൽ 11,000-ത്തിലധികം പേരും 2018–20 കാലത്ത് കിഴക്കൻ കോംഗോയിൽ ഉണ്ടായ പകർച്ചവ്യാധിയിൽ ഏകദേശം 2,300 പേരും മരിച്ചിരുന്നു.

Ebola spreading rapidly in Congo: Death toll reaches 1,405.

More Stories from this section

family-dental
witywide