എബോള സംശയം: ദക്ഷിണ സുഡാനിൽ നിന്നെത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

കോട്ടയം: ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ നിന്നെത്തിയ പാല സ്വദേശിനിക്ക് എബോള രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 52 വയസ്സുകാരിയെയാണ് മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കടുത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ എബോള ബാധിത പ്രദേശത്തുനിന്നാണ് എത്തിയതെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പിൻ്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് ഇവരെ കനത്ത ജാഗ്രതയോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

രോഗിക്ക് നിലവിൽ കടുത്ത പനിയും ഛർദ്ദിയും ഉണ്ടെങ്കിലും എബോള രോഗികളിൽ സാധാരണയായി കാണാറുള്ള മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നും പ്രകടമല്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിൻ്റെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗിയുടെ രക്തസാമ്പിളുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് വിപുലമായ പരിശോധനകൾക്കായി തിരുവനന്തപുരത്തെ സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ രോഗം സ്ഥിരീകരിക്കാനാകൂ. രോഗിയെ നിരീക്ഷിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തുടർചികിത്സകൾ നിശ്ചയിക്കുന്നതിനായി മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡും ഉടൻ രൂപീകരിക്കും.

Ebola suspected: Woman from South Sudan under observation at Kottayam Medical College

More Stories from this section

family-dental
witywide