
മാസപ്പടി കേസുമായി ബന്ധപ്പെട്ട് കരിമണൽ കമ്പനിയായ സി.എം.ആർ.എൽ. അധികൃതരെയും അവരുടെ കുടുംബാംഗങ്ങളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി എം.ഡി. ശശിധരൻ കർത്തയുടെ മകൾ ഷൈബി എസ്. കർത്തയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിന് പിന്നാലെ, ഭാര്യ ജയ കർത്തയെയും മകൻ ശരൺ എസ്. കർത്തയെയും ഇന്ന് ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തി. സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ നിപുണ ഇന്റർനാഷണലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇവരിൽ നിന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്.
അതേസമയം, കേസിലെ പ്രധാന വ്യക്തിയായ വീണ വിജയനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻപ് ജൂൺ 12-ന് ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. മെഡിക്കൽ രേഖകൾ സഹിതം നൽകിയ ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ദിവസത്തെ ഇളവ് അനുവദിച്ച് പുതിയ തീയതി നിശ്ചയിച്ചത്. എന്നാൽ ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി നൽകാമെന്ന വീണയുടെ നിർദ്ദേശം ഇ.ഡി. പൂർണ്ണമായും തള്ളിയിട്ടുണ്ട്.
കരിമണൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനത്തിന്റെ പേരിൽ പണം കൈപ്പറ്റിയെന്ന എസ്.എഫ്.ഐ.ഒ. കണ്ടെത്തലിന്റെ പശ്ചാത്തലത്തിലുള്ള കള്ളപ്പണ ഇടപാടുകളിലാണ് ഇ.ഡി.യുടെ അന്വേഷണം പുരോഗമിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ വീണയുടെ എക്സാലോജിക് കമ്പനിക്ക് 2.78 കോടി രൂപയും എം പവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പയും ലഭിച്ചതിന്റെ കൃത്യമായ രേഖകൾ സഹിതം ഹാജരാകാനാണ് നിർദ്ദേശം. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചോദ്യമുനകൾ നേരിടാൻ വീണ നാളെ നേരിട്ട് ഹാജരാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്.
ED Questions CMRL Chief’s Family in Monthly Payoff Case; Focus Shifts to Veena Vijayan’s Scheduled Appearance Tomorrow













