എൽ.ഡി.എഫ്. അല്ലാതെ മറ്റാരുണ്ടെന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം ശരിയായില്ലെന്ന് തുറന്നുസമ്മതിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി. രാജീവ്. ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം പാർട്ടിക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ച് സ്വയംവിമർശനം നടത്തിയത്. ഈ മുദ്രാവാക്യം ജനങ്ങളിൽ മറ്റൊരു ബോധ്യമാണുണ്ടാക്കിയതെന്നും വെള്ളാപ്പള്ളി നടേശനെതിരെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം സമ്മതിച്ചു. സംഭവിച്ചുപോയ പല വീഴ്ചകളും ഇനി തിരുത്താൻ (അൺഡു ചെയ്യാൻ) കഴിയാത്തതാണെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തെ പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന-ക്ഷേമ പദ്ധതികളും മാത്രം മുൻനിർത്തി മത്സരത്തിനിറങ്ങിയപ്പോൾ പാർട്ടിക്ക് അമിത ആത്മവിശ്വാസമുണ്ടായോ എന്ന കാര്യത്തിൽ ഗൗരവമായ പരിശോധന വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണപരമായ നേട്ടങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാതെ പോയതിൽ സംഘടനാപരമായ വീഴ്ചയുണ്ട്. കേവലം പി.ആർ. പരസ്യ വാചകങ്ങളെ മാത്രം മുൻനിർത്തി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ രീതികൾക്കും സംഘടനയ്ക്കും ഉണ്ടായ പോരായ്മകളെക്കുറിച്ചുള്ള വ്യക്തമായ ഏറ്റുപറച്ചിലായിരുന്നു പി. രാജീവിന്റെ പ്രസംഗം.
വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ആഗോള അയ്യപ്പ സംഗമത്തിനെത്തിച്ചതിൽ വീഴ്ചയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രതികരണം നിലനിൽക്കുമ്പോഴാണ്, സമയത്ത് തിരുത്താത്തത് തെറ്റുതന്നെയാണെന്ന് പി. രാജീവ് വ്യക്തമാക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ മാത്രം ബലത്തിൽ രാഷ്ട്രീയ പ്രതിസന്ധികൾ മറികടക്കാമെന്ന തോന്നൽ തെറ്റാണെന്ന് ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തോൽവി തെളിയിച്ചതാണ്. കാലത്തിനനുസരിച്ച് പാർട്ടിയുടെ സമരായുധങ്ങളും സമരമുറകളും മാറ്റേണ്ട സമയമായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
LDF Allathe Mattaru’ Slogan Was a Mistake; CPM Leader P Rajeeve Admits Party Flaws














