ബഹിരാകാശത്ത് പാകിസ്താൻ്റെ കളി നടക്കില്ല ; പാക് നീക്കങ്ങൾക്ക് ഇസ്രോയുടെ ചെക്ക്; നാവിഗേഷൻ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനുള്ള പാകിസ്താൻ്റെ നീക്കങ്ങൾക്ക് മറുപടിയുമായി ഐഎസ്ആർഒ (ഇസ്രോ). ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ ‘നാവിക്’ (NavIC) കൂടുതൽ അത്യാധുനിക സാങ്കേതികവിദ്യയോടെ നവീകരിക്കാനുള്ള വിപുലമായ പദ്ധതികൾക്കാണ് ഇസ്രോ രൂപം നൽകിയിരിക്കുന്നത്.

കഴിഞ്ഞ 16 മാസത്തിനിടെ ചൈനയുടെ പരോക്ഷ സഹായത്തോടെ ആറ് ഭൌമനിരീക്ഷണ ഉപഗ്രഹങ്ങളാണ് പാകിസ്താൻ ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിലെ വിവരശേഖരണത്തിലും നിരീക്ഷണത്തിലും വലിയ മുന്നേറ്റം നടത്താൻ പാകിസ്താന് സാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്കിടയിൽ കടുത്ത ജാഗ്രതയ്ക്ക് കാരണമായിട്ടുണ്ട്. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ മേധാവിത്വമുണ്ടെങ്കിലും, പാകിസ്താൻ്റെ പെട്ടെന്നുള്ള ഈ ഉപഗ്രഹ വിന്യാസം പ്രതിരോധ മേഖലയിൽ ആശങ്കയുണ്ടാക്കുന്നതാണ്.

ഈ സാഹചര്യത്തിലാണ് ‘നാവിക്’ സംവിധാനം പുനരുജ്ജീവിപ്പിക്കാൻ ഇസ്രോ ശക്തമായ നടപടികളിലേക്ക് കടക്കുന്നത്. ജിപിഎസിന് പകരമായി ഇന്ത്യ വികസിപ്പിച്ച നാവിക് സംവിധാനം നിലവിൽ ചില സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ട്. മുൻപ് ഉപഗ്രഹങ്ങളിൽ ഉപയോഗിച്ചിരുന്ന ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കുകളുടെ തകരാറും, ഉപഗ്രഹങ്ങളുടെ കാലാവധി കഴിഞ്ഞതുമാണ് ഇതിന് കാരണം.

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാം തലമുറയിൽപ്പെട്ട എൻവിഎസ് (എൻവിഎസ്-03,എൻവിഎസ്-04, എൻവിഎസ്-05) സീരീസ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ തന്നെ നിർമ്മിച്ച തദ്ദേശീയ ആറ്റോമിക് ക്ലോക്കുകളായിരിക്കും ഈ പുതിയ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുക. കൂടാതെ, സാധാരണ മൊബൈൽ ഫോണുകളിലും വാണിജ്യ ഉപകരണങ്ങളിലും നാവിക് സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ‘എൽ1 ഫ്രീക്വൻസി ബാൻഡ്’ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തും. ഇതോടെ ഇന്ത്യയുടെ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

ISRO has formulated extensive plans to upgrade India’s own navigation system, ‘NavIC’, with more sophisticated technology.

More Stories from this section

family-dental
witywide