കണക്കുകൾ നിരത്തി നേതാക്കൾ, ‘ഇറാൻ യുദ്ധത്തിലൂടെ എണ്ണക്കമ്പനികളും ട്രംപും വൻലാഭമുണ്ടാക്കുന്നു’; വിമർശനവുമായി എലിസബത്ത് വാറനും ബെർണി സാണ്ടേഴ്സും

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇറാൻ യുദ്ധത്തിനുമെതിരെ കടുത്ത ആക്ഷേപങ്ങളുമായി പ്രമുഖ ഡെമോക്രാറ്റിക് സെനറ്റർമാർ. ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധമുള്ള വൻകിട എണ്ണക്കമ്പനികളും ട്രംപിന്റെ സ്വന്തം സാമ്പത്തിക നിക്ഷേപങ്ങളും ഈ യുദ്ധത്തിലൂടെ കോടികളുടെ ലാഭമാണ് ഉണ്ടാക്കുന്നതെന്ന് സെനറ്റർ എലിസബത്ത് വാറൻ ആരോപിച്ചു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ട്രംപെന്ന് വാറൻ കുറ്റപ്പെടുത്തി. പ്രചാരണ ഫണ്ടിലേക്ക് കോടികൾ സംഭാവന നൽകിയ എണ്ണക്കമ്പനി മുതലാളിമാർക്കായി ട്രംപ് യുദ്ധം തുടരുകയാണെന്നും, പെട്രോൾ വില കുറയ്ക്കണമെങ്കിൽ അടിയന്തരമായി ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം പ്രമുഖ എണ്ണക്കമ്പനിയായ എക്സോൺ മൊബീൽ 1,400 കോടി ഡോളറിലധികം ലാഭം കൊയ്തു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണ്. ഷെവ്റോൺ തങ്ങളുടെ ലാഭം നാല് മടങ്ങായി വർദ്ധിപ്പിച്ച് 1,210 കോടി ഡോളറിലെത്തിച്ചു. ഇതിനുപുറമെ, ട്രംപിന്റെ വ്യക്തിഗത ഓഹരി നിക്ഷേപ മൂല്യം വർഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന 1.3 കോടി – 4.6 കോടി ഡോളറിൽ നിന്ന് ആഗസ്റ്റ് പകുതിയോടെ 1.7 കോടി – 6.1 കോടി ഡോളറായി ഉയർന്നതായി ജോയിന്റ് ഇക്കണോമിക് കമ്മിറ്റി വ്യക്തമാക്കി. എന്നാൽ ഈ ഓഹരി ഇടപാടുകളിൽ പ്രസിഡന്റിന് നേരിട്ട് പങ്കില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

റാലിയിൽ സംസാരിച്ച സെനറ്റർ ബെർണി സാണ്ടേഴ്സും ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചു. അനന്തമായ യുദ്ധങ്ങളെ എതിർക്കുന്നു എന്ന് അവകാശപ്പെട്ട ട്രംപ് യാതൊരു പ്രകോപനവുമില്ലാതെയാണ് ഇറാനെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ആയിരക്കണക്കിന് നിരപരാധികളും 18 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു. ശതകോടികൾ നഷ്ടപ്പെടുത്തുന്ന ഈ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് സാണ്ടേഴ്സ് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide