അമേരിക്കയിലെ ഫ്ലാറ്റിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു, കാലിഫോർണിയയെ നടുക്കിയ ഇരട്ടക്കൊലയിൽ സുഹൃത്തായ മലയാളി യുവതി കസ്റ്റഡിയിൽ

അമേരിക്കയിലെ കാലിഫോർണിയയിലുള്ള മിൽപിറ്റാസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശ്ശൂർ മുടിക്കോട് സ്വദേശിനി അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച നടന്ന ദാരുണമായ സംഭവത്തിൽ ഇവരുടെ ഉറ്റസുഹൃത്തായ അനില എന്ന മലയാളി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകളായ അഞ്ജനയുടെ ഭർത്താവ് വിലങ്ങന്നൂർ സ്വദേശി വിജീഷാണ്. ഏക മകൾ വാമിക. കഴിഞ്ഞ എട്ടു വർഷമായി അഞ്ജനയും ഭർത്താവും കാലിഫോർണിയയിലാണ് താമസിച്ചുവരുന്നത്.

ഫ്‌ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തിയ ശേഷം അഞ്ജനയെ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് ആനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് ജേക്കബ് ഫ്‌ലാറ്റിൽ എത്തി നോക്കിയപ്പോഴാണ് ആനിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട രണ്ടുപേരും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ വീട്ടുകാർ വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേസിൽ അമേരിക്കൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Two Keralite Women Killed in US: Female Friend Arrested in California

More Stories from this section

family-dental
witywide