ഹിസ്ബുള്ള ഒരു നിലയ്ക്കും സഹകരിക്കുന്നില്ലെന്ന് യുഎസ് എംബസി; തെക്കൻ ലെബനനിൽ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഹിസ്ബുള്ള, കരാറുകൾ തള്ളി നൈം ഖാസിം

ബെയ്റൂട്ട്: ലെബനനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പോരാട്ടം അവസാനിപ്പിക്കുന്നതിനുമായി യു.എസ്, ഇസ്രായേൽ, ലെബനൻ സർക്കാരുകൾ തമ്മിൽ ഉണ്ടാക്കിയ കരാർ (Trilateral Agreement) പൂർണ്ണമായി തള്ളി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ ഇസ്രായേലിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനോ ആയുധങ്ങൾ വെച്ചു കീഴടങ്ങുന്നതിനോ തങ്ങൾ തയ്യാറല്ലെന്ന് ഹിസ്ബുള്ള തലവൻ നൈം ഖാസിം വ്യക്തമാക്കി.

ലെബനൻ സർക്കാരുമായോ ഇസ്രായേലുമായോ യു.എസുമായോ നിലവിൽ യാതൊരു ചർച്ചകൾക്കും ഹിസ്ബുള്ള തയ്യാറാകുന്നില്ലെന്ന് ബെയ്റൂട്ടിലെ യു.എസ് എംബസി എക്സിൽ കുറിച്ചു. ഇറാനിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം നടപ്പിലാക്കുന്നതിനാലാണ് ഹിസ്ബുള്ള ചർച്ചകളിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും, സ്വന്തം ആയുധങ്ങൾ ഉപേക്ഷിക്കാൻ ഹിസ്ബുള്ള തയ്യാറായാൽ മാത്രമേ സർക്കാരുമായി ചർച്ചയ്ക്ക് വഴിയൊരുങ്ങൂ എന്നും യു.എസ് എംബസി വ്യക്തമാക്കി.

ജൂൺ അവസാനത്തോടെ ഉണ്ടാക്കിയ കരാർ പ്രകാരം തെക്കൻ ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യം ഘട്ടം ഘട്ടമായി പിന്മാറണമെന്നും, അതിർത്തിയിലെ സുരക്ഷാ ചുമതലകൾ ലെബനൻ ഔദ്യോഗിക സൈന്യത്തിന് കൈമാറണമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ ഹിസ്ബുള്ള പൂർണ്ണമായും ആയുധം വെച്ച് കീഴടങ്ങാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ഈ പശ്ചാത്തലത്തിലാണ് മേഖലയിൽ ആക്രമണം തുടരുന്നത്. മാർച്ച് 2-ന് പോരാട്ടം പുനരാരംഭിച്ചതിനു ശേഷം ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 4,350-ലധികം ആളുകൾ കൊല്ലപ്പെടുകയും 12,310-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

Also Read

More Stories from this section

family-dental
witywide