ട്രംപിന്റെ കുടിയേറ്റ വേട്ട അതിരുകടന്നോ? ടെക്സാസിൽ റിപ്പബ്ലിക്കൻ പാർട്ടിയെ കൈവിട്ട് ലാറ്റിനോ വോട്ടർമാർ

മക്അല്ലൻ (ടെക്സാസ്): യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളും കൂട്ട നാടുകടത്തലും അതിർത്തി സംസ്ഥാനമായ ടെക്സാസിലെ ലാറ്റിനോ വോട്ടർമാരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും അകറ്റുന്നതായി റിപ്പോർട്ട്. കുടിയേറ്റ ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളിൽ ഭയന്ന് തൊഴിലാളികൾ ഒളിവിലാണ്. ഇത് അതിർത്തിയിലെ ചെറുകിട നിർമ്മാണ മേഖലയെ പൂർണ്ണമായി തകർത്തിരിക്കുകയാണെന്ന് പ്രാദേശിക ബിസിനസുകാർ വ്യക്തമാക്കുന്നു.

നേരത്തെ ജോ ബൈഡനെ പിന്തുണയ്ക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യുകയും ചെയ്ത ലാറ്റിനോ വംശജരിൽ വലിയൊരു വിഭാഗം ഇപ്പോൾ തങ്ങളുടെ തീരുമാനത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയാണ്.

യു.എസ്-മെക്സിക്കോ അതിർത്തിയോട് ചേർന്നുള്ള തെക്കൻ ടെക്സാസിലെ നിർമ്മാണ കമ്പനി ഉടമയായ ബെന്നി മെലൻഡസ് തന്റെ കുടിയേറ്റ തൊഴിലാളികളെ ഐസിഇ ഏജന്റുമാരിൽ നിന്ന് രക്ഷിക്കാൻ നിർമ്മാണ സ്ഥലങ്ങൾക്ക് ചുറ്റും വലിയ വേലികൾ സ്ഥാപിച്ചിരിക്കുകയാണ്. കോടതി വാറണ്ടില്ലാതെ ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറുന്നത് തടയാനാണ് ഈ നടപടി.

തൊഴിലാളികളെ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോകുമെന്ന ഭയം കാരണം ആരും ജോലിക്ക് വരാൻ തയ്യാറാകുന്നില്ല. മുൻപ് നാല് മാസം കൊണ്ട് പൂർത്തിയായിരുന്ന ഒരു വീടിന്റെ നിർമ്മാണം ഇപ്പോൾ തൊഴിലാളികളുടെ കുറവ് മൂലം പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുന്നു. “ബൈഡന് വോട്ട് ചെയ്തതിൽ എനിക്ക് ഖേദമുണ്ടായിരുന്നു, ഇപ്പോൾ ട്രംപിന് വോട്ട് ചെയ്തതിലും ഖേദിക്കുന്നു. ഇരുപാർട്ടികളും സാധാരണക്കാർക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്,” മെലൻഡസ് പറഞ്ഞു.

ട്രംപ് ഭരണകൂടം തങ്ങൾ പ്രതീക്ഷിച്ചതിലും ക്രൂരമായ രീതിയിലാണ് ആളുകളെ നാടുകടത്തുന്നതെന്ന് അടുത്തിടെ നടന്ന സി.ബി.എസ് ന്യൂസ് സർവേയിൽ 60 ശതമാനത്തോളം ലാറ്റിനോ വംശജരും അഭിപ്രായപ്പെട്ടു. ക്രിമിനലുകളെ നാടുകടത്തുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, നിരപരാധികളും കഠിനാധ്വാനികളുമായ മനുഷ്യരെയും അമേരിക്കൻ പൗരന്മാരെപ്പോലും ഭയപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ ഏജന്റുമാർ പെരുമാറുന്നതെന്ന് മക്അല്ലനിലെ റിപ്പബ്ലിക്കൻ മേയറായ ഹാവിയർ വില്ലാലോബോസ് തന്നെ തുറന്നുസമ്മതിക്കുന്നു. മുഖംമൂടി ധരിച്ചെത്തുന്ന ഉദ്യോഗസ്ഥർ വാഹനങ്ങളിൽ നിന്നും ആളുകളെ വലിച്ചിറക്കുന്നത് ജനങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഈ ജനവികാരം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാർട്ടി. ടെക്സാസിലെ നിർണ്ണായകമായ സെനറ്റ് സീറ്റിലേക്കും കൺഗ്രഷണൽ ഡിസ്ട്രിക്റ്റുകളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ച മുന്നേറ്റം നിലനിർത്താൻ ഈ കുടിയേറ്റ വേട്ട കാരണം സാധിച്ചേക്കില്ലെന്ന് പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ ഈ വിമർശനങ്ങളെയെല്ലാം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. അതിർത്തി സുരക്ഷിതമാക്കുക, കുടിയേറ്റ നിയമം കർശനമായി നടപ്പിലാക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് തങ്ങൾക്ക് ആശങ്കയില്ലെന്നുമാണ് വൈറ്റ് ഹൗസ് അതിർത്തി കാര്യ ചുമതലയുള്ള ടോം ഹോമാൻ വ്യക്തമാക്കിയത്.

Has Trump’s immigration crackdown gone too far? Latino voters in Texas turn away from the Republican Party.

More Stories from this section

family-dental
witywide